ഒരൊറ്റ വോട്ടിന് സ്ഥാനാര്‍ഥി ജയിച്ചു എന്ന വാര്‍ത്ത അപൂര്‍വമാണെങ്കിലും നടക്കുന്ന സംഭവമാണ്. പക്ഷെ തമിഴ്നാട്ടില്‍ തിരിപ്പത്തൂര്‍ മണ്ഡലത്തില്‍ ഡിഎംകെ മന്ത്രി കെ.ആര്‍.പെരിയകറുപ്പനെ ടിവികെ സ്ഥാനാര്‍ഥി ശ്രീനിവാസ സേതുപതി വീഴ്ത്തിയത് ഒരു വോട്ടിനാണ്. എന്നാല്‍ ആ ഒരു വോട്ട് വന്ന വഴിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
മസ്കറ്റില്‍ ജോലി ചെയ്യുന്ന വിജയ് ആരാധകനാണ് മണികണ്ഠന്‍ ശിവാനന്ദം. ടിവികെയുടെ വരവോടെ മണികണ്ഠന്‍ താന്‍ ആരാധിക്കുന്ന തളപതി ഏത് വിധേനയും ജയിക്കണം എന്ന് മനസില്‍ കരുതി. അങ്ങനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണികണ്ഠന്‍ നാട്ടിലേക്ക് വരാന്‍ പദ്ധതിയിട്ടു. ഏപ്രില്‍ 16ന് ഏത് വിധേനയും വോട്ട് ചെയ്യും എന്ന് മണികണ്ഠന്‍ തന്‍റെ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വന്തം നാട്ടില്‍ ജോലിത്തിരക്ക് കാരണം വോട്ടുചെയ്യാനാകാത്ത ആളുകളുള്ളിടത്ത് 3000 കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വോട്ട് ചെയ്യാനായി വന്ന മണികണ്ഠന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ സ്റ്റാറായി മാറുകയായിരുന്നു.
84364 വോട്ടുകള്‍ പെരിയകറുപ്പന്‍ ഡിഎംകെക്കായി നേടിയെടുത്തപ്പോള്‍ 84365 വോട്ടുകളാണ് ടിവികെക്കായി ശ്രീനിവാസ സേതുപതി വീഴ്ത്തിയത്. ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ശ്രീനിവാസ സേതുപതിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പെരിയകറുപ്പന്‍ റീകൗണ്ടിങ് ആവശ്യവുമായി മുന്നോട്ടുവന്നു. ഉടന്‍ തന്നെ റീകൗണ്ടിങും നടന്നു. അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. ഒരു വോട്ടിന് ശ്രീനിവാസ സേതുപതി ടിവികെയെ വിജയത്തിലെത്തിച്ചു.
ഇതിന് പിന്നാലെ മണികണ്ഠന്‍റെ പഴയ പോസ്റ്റ് എക്സില്‍ വൈറലായി. മണികണ്ഠന്‍ തന്‍റെ വോട്ട് രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ മണ്ഡലത്തില്‍ തുല്യ വോട്ടായി മാറുമായിരുന്നു. മണികണ്ഠനെ സ്റ്റാര്‍ പദവിയിലേക്കാണ് ആ വോട്ട് എത്തിച്ചത്. വാര്‍ത്ത പുറത്ത് വന്ന് മിനിറ്റുകള്‍ക്കകം മണികണ്ഠനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. വിജയ് മണികണ്ഠനെ കാണാനെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.