Untitled design - 1

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. വിജയ് ഇന്ന് ഹാജരായില്ല. സംഗീത വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരായതും നിലപാട് അറിയിച്ചതും.

വിജയ് നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നടുവില്‍ നില്‍ക്കുമ്പോഴാണ് സംഗീത ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. മറ്റൊരു സ്ത്രീയുമായി വിജയ്‍ക്ക് അടുപ്പമുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി. കോടതി മൂന്നുതവണ കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 

വിജയ്‍യുടെ കുടുംബം ഇടപെട്ട് സംഗീതയുമായും അവരുടെ കുടുംബവുമായും നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് സംഗീത ഹര്‍ജി പിന്‍വലിക്കാന്‍ തയാറായതെന്നാണ് വിവരം. 

vijay-sangeetha-case

ഫെബ്രുവരില്‍ 26ന് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ചെങ്കല്‍പ്പെട്ട് കുടുംബ കോടതി ജഡ്ജി ശശികല ആദ്യം ഹര്‍ജി പരിഗണിച്ചത്. പിന്നീട് വോട്ടെടുപ്പ് മൂന്നുദിവസം മാത്രമുള്ളപ്പോഴും കേസ് പരിഗണനയ്ക്കുവന്നു. എന്നാല്‍ കക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ ജൂണ്‍ പതിനഞ്ചിലേക്ക് മാറ്റി. അന്നും കേസ് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഒടുവില്‍ ഇന്ന് പരിഗണിച്ചപ്പോള്‍ സംഗീത ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് വിജയ്‌യുടെ തമിഴ്നാട് വെട്രി കഴകം തിരഞ്ഞെുപ്പ് വിജയിക്കുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലുള്‍പ്പെടെ നടി തൃഷയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ച കാര്യങ്ങളുമായി തൃഷയെ ചേര്‍ത്ത് പ്രചാരവും ഉണ്ടായി. വിജയ്‌യുടെ മാതാപിതാക്കള്‍ പക്ഷേ സംഗീത സ്വര്‍ണലിംഗവുമായി നല്ല ബന്ധത്തിലായിരുന്നു. അവര്‍ ഇടപെട്ട് നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് സംഗീത ഹര്‍ജി പിന്‍വലിച്ചതെന്നാണ് വിവരം. എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങളില്‍ വിജയ്‌യുടെ നിലപാട് എന്തായിരിക്കും എന്ന് വ്യക്തമല്ല. 

ശ്രീലങ്കന്‍ വംശജയായ സംഗീത സ്വര്‍ണലിംഗം 1996ലാണ് വിജയ്‍യെ ആദ്യമായി കാണുന്നത്. 1998ല്‍ ബ്രിട്ടണില്‍ വച്ച് ഇരുവനരും വിവാഹിതരായി. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയില്‍ വച്ച് ആചാരപരമായ വിവാഹച്ചടങ്ങും നടത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ജേസണും ദിവ്യയും. വിവാദങ്ങളുണ്ടായപ്പോള്‍ മക്കള്‍ ഇരുവരും സംഗീതയ്ക്കൊപ്പമാണ് നിന്നത്. 

ENGLISH SUMMARY:

Tamil Nadu CM's wife, Sangeetha, has withdrawn her divorce petition against Vijay, as announced in the Chengalpattu court. The court accepted the withdrawal, marking a significant development amidst political campaigns. manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ