ടിവികെയുടെ വിജയത്തിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമാവാനെ ഡിഎംകെ അടക്കം തമിഴ്നാട്ടിലെ മറ്റ് പാര്‍ട്ടികള്‍ക്കായുള്ളു. വിജയ് ഫാക്റ്ററിനെ പുച്ഛിച്ച് തള്ളിയവരെപ്പോലും വായടപ്പിച്ചാണ് ടിവികെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ചത്. ഇപ്പോഴിതാ വിജയുടെ വിജയത്തെ പ്രശംസിച്ച് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ ഇട്ട ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പണ്ട് ഒരുദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയുടെ പിന്നില്‍ കൗമാരക്കാരനായ വിജയ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് റാം ഗോപാല്‍ വര്‍മയുടെ പോസ്റ്റ്. കലൈജ്ഞര്‍ പോലും വിചാരിച്ച് കാണില്ല തന്‍റെ പിന്നില്‍ നില്‍ക്കുന്ന ആ പയ്യന്‍ വളര്‍ന്ന് കലൈജ്ഞറുടെ പാര്‍ട്ടിയെ തകര്‍ക്കും എന്നര്‍ഥം വരുന്ന പോസ്റ്റാണ് സംവിധായകന്‍ പങ്കുവച്ചത്. പങ്കുവച്ച ചിത്രത്തില്‍ വിജയുടെ മാതാപിതാക്കളായ എസ്.എ.ചന്ദ്രശേഖറിനെയും ശോഭാ ചന്ദ്രശേഖറിനെയും ചിത്രത്തില്‍ കാണാം.
ഇതിനിടെ മുഖ്യമന്ത്രിയായി വിജയ് മേയ് 7ന് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരെ തീരുമാനിക്കാന്‍ വിജയും നേതാക്കളും തമ്മില്‍ പട്ടിനപാക്കത്തെ ഓഫീസില്‍ ചര്‍ച്ച നടന്നു. വിജയ് ഗവര്‍ണറെ കാണാന്‍ സമയം തേടിയെന്നും സൂചനയുണ്ട്. അതിനിടെ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
മുതലമച്ചര്‍ക്ക് വാഴ്ത്തുക്കള്‍ എന്ന ആരവങ്ങള്‍ക്ക് ഇടയിലേക്കാണ് വിജയ് എത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ വിജയ്‌യെ കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പനയൂരില്‍ എത്തിയത്. നിയുക്ത എംഎല്‍എമാരുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് വിജയ് ചര്‍ച്ച നടത്തി. 108 സീറ്റുകള്‍ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇനി 10 സീറ്റുകള്‍ കൂടിയാണ് മാജിക് നമ്പരിലേക്ക് എത്താന്‍ ആവശ്യമുള്ളത്.