വീട്ടുജോലിക്കാരിയില്‍ നിന്നും എംഎല്‍എയിലേക്ക്, ബംഗാള്‍ ബിജെപി തൂത്തുവാരുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന വിജയമാണ് ഓസ്ഗ്രാം മണ്ഡലത്തിലെ കലിത മാജിയുടേത്. മാസം 4500 രൂപ വരുമാനക്കാരമുള്ള വീട്ടുജോലിക്കാരിയായ കലിത മാജി 12,535 വോട്ടിനാണ് മണ്ഡലം പിടിച്ചെടുത്തത്. തൃണമൂലിന്‍റെ ശ്യാമ പ്രസന്ന ലോഹറിനെയാണ് കലിത പരാജയപ്പെടുത്തിയത്.
ഗുസ്‌കര മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന കലിത രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്‍പ് പ്രദേശത്തെ വീടുകളിൽ വീട്ടുജോലിക്കാരിയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും രണ്ടു വീടുകളില്‍ കലിത വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. പ്രതിമാസം 4500 രൂപ ലഭിക്കും. രാവിലെ 5 മണിക്ക് ഉണർന്ന് ജോലി ആരംഭിക്കും. വീട്ടിലെ കാര്യങ്ങള്‍ അമ്മായിയമ്മ കൈകാര്യം ചെയ്യും എന്നാണ് കലിത സ്ഥാനാര്‍ഥി പ്രഖ്യാപന സമയത്ത് പറഞ്ഞത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കലിത 11,815 വോട്ടിനാണ് പരാജയപ്പെട്ടത്, വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം പ്രാദേശികമായി ഗുണം ചെയ്തു എന്നു തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 2006 ലാണ് കലിതയുടെ വിവാഹം കഴിയുന്നത്. ഭർത്താവിന്‍റെ സഹോദരൻ കാർത്തിക് ബാഗ് 2006-ൽ ഔസ്ഗ്രാമിൽ നിന്നുള്ള സി.പി.എം എം.എൽ.എ ആയിരുന്നു. മാജ്പുക്കൂർ പാരിയില്‍ താമസക്കാരിയായ കലിതയുടെ ഭര്‍ത്താവ് സുബ്രത മാജി പ്ലബറാണ്. 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്.
ബംഗാളില്‍ 294 ല്‍ 206 സീറ്റിലും ജയിച്ചാണ് ബിജെപി അധികാരത്തില്‍ വരുന്നത്. ഇതോെട 15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണമാണ് അവസാനിക്കുന്നത്.