West Bengal CM Mamata Banerjee addresses the media on RG Kar Medical College and Hospital rape-murder case, on Thursday. (ANI Photo)

നീണ്ട 34 വർഷത്തെ ഇടതുപക്ഷഭരണം അവസാനിപ്പിച്ചാണ് 15 വർഷങ്ങൾക്ക് മുമ്പ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. പിന്നാലെ തുടര്‍ച്ചയായി മൂന്ന് തവണ വിജയം. എന്നാല്‍ ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾക്ക് മുന്നില്‍ ടിഎംസിക്ക് പിഴച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 148 ഉം കടന്ന് 194 സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. അതേസമയം, തൃണമൂലാകട്ടെ 100 സീറ്റ് കടക്കാൻ പാടുപെടുകയാണ്. 

ബംഗാളിലെ വനിതാ വോട്ടര്‍മായിരുന്നു കഴിഞ്ഞ മൂന്ന് തവണയും ടിഎംസിയുടെ നട്ടെല്ലായിരുന്നത്. സ്ത്രീകളെ ലക്ഷ്യം വച്ച് നിരവധി ക്ഷേമ പദ്ധതികൾ ടിഎംസി അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അതേനാണയത്തിലായിരുന്നു ബിജെപിയും മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ത്രീ കേന്ദ്രീകൃത പദ്ധതികളും വാഗ്ദാനങ്ങളുമായിരുന്നു ബിജെപിക്ക് മുതല്‍ക്കൂട്ട്. 

മാത്രമല്ല, തൃണമൂൽ ഭരണകാലത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ബിജെപി മമതയ്ക്ക് എതിരായി ഉപയോഗിച്ചു. 2012-ൽ പാർക്ക് സ്ട്രീറ്റ് ബലാത്സംഗ കേസിനെക്കുറിച്ചുള്ള മമതയുടെ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. അടുത്തിടെയുണ്ടായ ആർജി കർ മെഡിക്കൽ കോളേജ് ബലാത്സംഗക്കൊലയും ടിഎംസിക്ക് എതിരായ ആയുധമാക്കി ബിജെപി മാറ്റി. ഇരയുടെ അമ്മയ്ക്ക് പാനിഹട്ടിയില്‍ ബിജെപി സീറ്റ് നല്‍കുകയും ചെയ്തു. 

അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ആവര്‍ത്തിച്ചായിരുന്നു ഇവയെ എല്ലാം ടിഎംസി പ്രതിരോധിച്ചത്. മുൻ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെയുള്ള പ്രധാന തൃണമൂൽ നേതാക്കള്‍ക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ വില്ലനായിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ഏജൻസികളുടെ നടപടികൾ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മമത ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

മറ്റൊന്ന് എസ്ഐആറായിരുന്നു. ഇത് തൃണമൂലിന്റെ വോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടാണെന്ന് ആദ്യം മുതലേ ആരോപണമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരാണ് പുറത്തുപോയത്. 60 ലക്ഷത്തിലധികം പേരെ മരിച്ചവരെന്ന കണക്കിലാണ് ഉൾപ്പെടുത്തിയത്. 27 ലക്ഷം പേരുടെ വോട്ടവകാശം ട്രൈബ്യൂണൽ പരി​ഗണനയിലാണ്. വോട്ടവകാശം നഷ്ടമായവരിൽ ഏകദേശം 65 ശതമാനവും മുസ‍്‍ലിം വിഭാ​ഗക്കാരുമാണ്. മതുവ സമുദായത്തിൽ നിന്നുള്ള ദളിതരും സ്ത്രീകളമാണ് പുറത്തായവരിൽ കൂടുതൽ. 

എന്നാല്‍ മണ്ഡലങ്ങളുടെ സ്വഭാവമനുസരിച്ച് ഇവരെ തന്ത്രപൂർവം നീക്കിയെന്നാണ് തൃണമൂലിന്റെ ആരോപണം. ബിജെപിയുടെ നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നെന്നും പട്ടികയിൽ നിന്ന് സത്യസന്ധരായ വോട്ടർമാരുടെ പേരുകൾ വെട്ടിക്കളയുകയാണെന്നും മമത ബാനര്‍ജിയും ടിഎംസിയു ആരോപിച്ചു. എസ്‌ഐആറിനെതിരെ റാലികളും പ്രതിഷേധങ്ങളും നടത്തി. ചുരുക്കിപ്പറഞ്ഞാല്‍ ബം​ഗാളിലെ മത്സര ചിത്രം തൃണമൂൽ കോൺ​ഗ്രസും ബിജെപിയു എന്നല്ലായിരുന്നു മറിച്ച് കേന്ദ്രവും ബം​ഗാൾ സർക്കാറും തമ്മിലായിരുന്നു എന്ന് പറയാം. ആ പോരാട്ടത്തിലാണ് മമതയുടെ ടിഎംസി തളരുന്നത്. അതേസമയം സംസ്ഥാന തലത്തില്‍ ടിഎംസി തളരുമ്പോളും ഭബാനിപൂരിൽ മമത ബാനർജി നിലവിൽ സുവേന്ദു അധികാരിക്കെതിരെ മുന്നിലാണ്.

ENGLISH SUMMARY:

After 15 years of uninterrupted rule, Mamata Banerjee’s Trinamool Congress (TMC) is facing a historic challenge as the BJP surges past the majority mark in West Bengal. Early trends show the BJP leading in over 190 seats, while the TMC is struggling to cross the 100-seat threshold. The shift is largely attributed to a massive swing in the female voter base, where the BJP’s welfare promises countered the TMC’s long-standing schemes. Additionally, controversies like the R.G. Kar Medical College tragedy and corruption allegations against senior leaders have severely dented the ruling party's image. A major point of contention remains the Special Intensive Revision (SIR), which saw the removal of 90 lakh voters, a move the TMC labels as a "targeted purge" of its core supporters. While Mamata Banerjee maintains a lead in her seat of Bhabanipur against Suvendu Adhikari, the state-wide mandate suggests a decisive victory for the BJP, ending the TMC’s three-term dominance.