‘കൂട്ടം വോട്ടായി മാറില്ല, തമിഴ്നാട്ടില്‍ താരരാഷ്ട്രീയം അവസാനിച്ചു’ — 2019ല്‍ നടന്‍ പ്രകാശ് രാജ് മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. “ആള്‍ക്കൂട്ടം വോട്ടാകില്ല” എന്ന് കമല്‍ ഹാസന്‍ പറഞ്ഞതും കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ തിയേറ്ററുകളിലും തെരുവുകളിലും ഒത്തുചേര്‍ന്ന ആരാധക കൂട്ടങ്ങളെ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്ന രാഷ്ട്രീയ വിലയിരുത്തലുകളെ മുഴുവന്‍ തകര്‍ത്താണ് ദളപതി വിജയ് തമിഴക രാഷ്ട്രീയത്തില്‍ ശക്തമായ മുന്നേറ്റം നടത്തുന്നത്. രജനികാന്തിനും കമല്‍ ഹാസനും സംഭവിച്ചതുപോലെ തന്നെ വിജയ്ക്കും തമിഴക വെട്രി കഴകത്തിനും സംഭവിക്കുമെന്നായിരുന്നു പൊതുവായ ധാരണ. എന്നാല്‍ റാലികളിലും പാര്‍ട്ടി വേദികളിലും എത്തിയ ജനക്കൂട്ടത്തെ യഥാര്‍ഥ വോട്ടാക്കി മാറ്റിയിരിക്കുകയാണ് വിജയ്.

ഒരു പ്രധാന രാഷ്ട്രീയ സഖ്യത്തിന്‍റെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് അധികാരത്തിലേക്കുള്ള പോരാട്ടത്തില്‍ വിജയ് മുന്നേറുന്നത്. എന്നാല്‍ സിനിമാ മേഖലയിലെ വലിയൊരു വിഭാഗം അദ്ദേഹത്തിന് തുറന്ന പിന്തുണ നല്‍കിയില്ല. ചിലര്‍ പരസ്യ വിമര്‍ശനവുമായി തന്നെ രംഗത്തെത്തി.

അക്കൂട്ടത്തില്‍ ശ്രദ്ധേയനായത് രജനികാന്ത് ആയിരുന്നു. സിനിമയില്‍ വിജയ്​യുടെ എതിരാളിയായ രജനി, രാഷ്ട്രീയത്തിലും വിമര്‍ശനം മറച്ചുവെച്ചില്ല. “താരങ്ങള്‍ക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്” എന്നായിരുന്നു യുവാക്കളോട് രജനി നടത്തിയ ആഹ്വാനം. തഞ്ചാവൂരില്‍ വിജയ്​യുടെ റാലിക്കിടെ അഞ്ച് ആരാധകര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ സംഭവത്തെ തുടര്‍ന്നായിരുന്നു ഈ പ്രതികരണം. “എന്തെങ്കിലും പരിക്കേറ്റാല്‍ അത് അവരുടെ നഷ്ടമാണ്. പഠനത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കണം,” എന്നായിരുന്നു രജനികാന്ത് പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് നടന്ന കരൂര്‍ അപകടത്തോടും പലരും ഈ പരാമര്‍ശത്തെ ചേര്‍ത്തുവായിച്ചു. അതേസമയം വിജയ് ചിത്രം ‘ജനനായകന്‍റെ’ റിലീസ് വൈകുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ രജനി തയ്യാറായില്ല.

സിനിമയിലെ ജനപ്രീതി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നായിരുന്നു പ്രകാശ് രാജിന്‍റെ വിമര്‍ശനം. തമിഴ്നാട്ടില്‍ ഇപ്പോള്‍ “ദ്രാവിഡ മോഡല്‍, അടിമ മോഡല്‍, സിനിമ മോഡല്‍” എന്നീ മൂന്ന് രാഷ്ട്രീയ ശൈലികളാണുള്ളതെന്നും വിജയ്​യുടെ രാഷ്ട്രീയം “സിനിമ മോഡല്‍” ആണെന്നും അദ്ദേഹം ആരോപിച്ചു. “സിനിമയില്‍ ഡോക്ടറായും മുഖ്യമന്ത്രിയായും അഭിനയിക്കാം. പക്ഷേ യഥാര്‍ഥ രാഷ്ട്രീയത്തിന് പ്രതിബദ്ധത വേണം,” എന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷ, നീറ്റ്, സംസ്ഥാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിജയ് മുന്‍പ് എത്രത്തോളം സജീവമായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

ഡിഎംകെയ്ക്കായി പ്രചാരണത്തിനിറങ്ങിയ സത്യരാജും വിജയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. “കേന്ദ്ര സര്‍ക്കാരിനെതിരെ ഉറച്ച നിലപാട് എടുക്കാന്‍ വിജയ്ക്ക് കഴിയുമോ?” എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ആരാധകര്‍ക്ക് അംബേദ്കറിന്റെയും പെരിയാറിന്‍റെയും ആശയങ്ങള്‍ പഠിപ്പിക്കണമെന്നും സത്യരാജ് അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങളില്‍ താരതമ്യേന മിതത്വം പാലിച്ചത് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ ആയിരുന്നു. “ആരെയും തിരുത്താനില്ല, രാഷ്ട്രീയത്തില്‍ അനുഭവമാണ് ഏറ്റവും വലിയ ഗുരു,” എന്നാണ് കമല്‍ പറഞ്ഞത്. മറ്റൊരവസരത്തില്‍ വിജയ് പെരമ്പൂരില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, “എനിക്ക് വേറെ പല ജോലികളുമുണ്ട്; അതെല്ലാം എന്തിന് ശ്രദ്ധിക്കണം?” എന്നായിരുന്നു കമല്‍ ഹാസന്‍റെ മറുപടി.

ഒടുവില്‍ വോട്ടെണ്ണുമ്പോള്‍ തമിഴ്നാട്ടിന്‍റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാവുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. നൂറിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ പേരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും ടിവികെയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. 

 

താരരാഷ്ട്രീയത്തിന് ഇനി തമിഴ്നാട്ടില്‍ സാധ്യതയുണ്ടോ എന്ന് സംശയിച്ചവരുടെ മുന്നിലാണ് ഇന്ന് വിജയ്​യുടെ ടിവികെ പുതിയ രാഷ്ട്രീയ ചരിത്രം എഴുതുന്നത്. സിനിമാ താരമെന്ന പരിധി മറികടന്ന് തമിഴക രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുകയാണ് വിജയ്. ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ച രാഷ്ട്രീയത്തില്‍ മൂന്നാമത്തെ ശക്തിയായി ഉയരുകയാണ് ടിവികെ. 

ENGLISH SUMMARY:

Thalapathy Vijay is making a strong political impact in Tamil Nadu, defying earlier predictions that star politics would not translate into votes. His party, Tamizhaga Vettri Kazhagam, is leading in over a hundred constituencies, rewriting the state's political landscape.