Image: Manorama
1977 ലാണ് നടനായ എംജിആര്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. തമിഴകത്തെ തന്‍റെ ആരാധകരെ യഥാര്‍ഥത്തില്‍ അദ്ദേഹം രാഷ്ട്രീയത്തിലും അനുയായികളാക്കി മാറ്റുകയായിരുന്നു. പിന്നീട് 1987 ൽ മരിക്കുന്നതുവരെ ഒരു ദശാബ്ദക്കാലം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായിരുന്നു എംജിആര്‍. എംജിആറിന് ശേഷം അതേ പാത പിന്തുടര്‍ന്നത് ജയലളിതയാണ്. അതിന് ശേഷം പിന്നെ ആര്? പലരും സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ വന്നെങ്കിലും പച്ച പിടിക്കാനായിട്ടില്ല. ഒടുവില്‍ ആ ചോദ്യത്തിനും തമിഴകത്ത് ഉത്തരമാകുകയാണോ?
2009 ലാണ് ആരാധക സംഘമായ ‘വിജയ് മക്കൾ ഇയക്കം’ വിജയ് രൂപീകരിക്കുന്നത്. താൻ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കും തടയാനാവില്ലെന്നാണ് അന്ന് വിജയ് പ്രഖ്യാപിച്ചത്. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല.
പിന്നീട് 15 വർഷത്തിനു ശേഷം തന്‍റെ 49–ാം വയസ്സിലാണ് തമിഴക വെട്രി കഴകം വിജയ് പ്രഖ്യാപിക്കുന്നത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ദശാബ്ദങ്ങളായുള്ള ഡിഎംകെ- എഐഎഡിഎംകെ ഭരണങ്ങള്‍ക്ക് ബദലായി മാറും എന്നും പ്രഖ്യാപിച്ചായിരുന്നു ടിവികെ രൂപീകരണം. പിന്നാലെ മൂന്ന് പതിറ്റാണ്ട് നീണ്ട തന്‍റെ സിനിമാ ജീവിതവും വിജയ് അവസാനിപ്പിച്ചു. ആ തീരുമാനം കൂടിയായതോടെ ഒരു കാര്യം വ്യക്തമായിരുന്നു വെറുമൊരു എന്‍റര്‍ടെയിന്‍മെന്‍റോ സൈഡ് പ്രോജക്റ്റോ അല്ലായിരുന്നു വിജയ്ക്ക് രാഷ്ട്രീയം.
പിന്നീട് പലതവണ ആരാധക സംഘങ്ങളുമായി കൂടിക്കാഴ്ചകള്‍, രാഷ്ട്രീയ തന്ത്രജ്ഞരുമായി ചർച്ചകള്‍, ഔപചാരിക പാർട്ടി-ജില്ലാ കമ്മിറ്റികൾ, മണ്ഡലം യൂണിറ്റുകൾ, ബൂത്ത് തല കമ്മിറ്റികൾ രൂപീകരിണം... അങ്ങിനെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. വിദ്യാഭ്യാസം, തൊഴിൽ, അഴിമതി വിരുദ്ധത തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനവും ആരംഭിച്ചു. റോഡ് ഷോകളിലടക്കം തങ്ങളുടെ പ്രിയ നടന്‍ ഇറങ്ങിവന്നതോടെ ആരാധകര്‍ക്കും ആവേശമായി.
എന്നാല്‍ എളുപ്പമല്ലായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം. 2025-ൽ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് വിജയ്‌യും ടിവികെയും വലിയ വിമര്‍ശനം നേരിട്ടു. അവിടെയും തീര്‍ന്നില്ല കുടുംബബന്ധത്തിന്‍റെ തകര്‍ച്ചയും നടിയുമായുള്ള ബന്ധവും തുടങ്ങി വിജയ് നേരിട്ട ആരോപണങ്ങള്‍ നിരവധിയാണ്. ഒടുവില്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മത്സരിക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെപ്പോലും കിട്ടാതെ വിജയ് പാടുപെട്ടു. ‘ജനനായകനെ’ന്ന് ബിഗ് സ്ക്രീനിലൂടെയും തമിഴ് മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് 100കോടി മുടക്കിയ പടം പെട്ടിയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും വിജയ് എന്ന ‘നായകന്‍റെ’ ജനപ്രതീതി കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നുവേണം കരുതാന്‍.
അതുപോലെ തന്നെ വന്‍ വാഗ്ദാനങ്ങളോടെയായിരുന്നു ടിവികെയുടെ പ്രചാരണം. ജയിപ്പിച്ചാല്‍ എല്ലാ മാസവും മണ്ഡലസന്ദര്‍ശനം, യുവതികള്‍ക്ക് വിവാഹത്തിന് ഒരു പവനും പട്ടുസാരിയും, കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലിണ്ടര്‍,60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം, മക്കളുടെ പഠനത്തിന് അമ്മമാര്‍ക്ക് 15,000 രൂപ എന്നിവയായിരുന്നു ടിവികെ വോട്ടര്‍മാര്‍ക്ക് മുന്നില്‍വച്ച വാഗ്ദാനങ്ങള്‍. ഒടുവില്‍ തമിഴ് മനം ‘ജനനായകന്’ ഒപ്പം എന്ന് തന്നെ തെളിയിക്കുന്നതാകുകയാണ് തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലവും.