നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) നടത്തുന്ന മുന്നേറ്റത്തിൽ അത്ഭുതപ്പെട്ടിരിക്കയാണ് തമിഴകം. സംസ്ഥാനത്ത് എല്ലാ എക്സിറ്റ് പോളുകളും ഡിഎംകെയ്ക്ക് തുടർഭരണം പ്രവചിച്ചപ്പോൾ വിജയ്‍യുടെ വിജയം പ്രവചിച്ച ഒരേയൊരു പോൾ സർവേ ആകിസ് മൈ ഇന്ത്യയുടേതായിരുന്നു. പ്രവചനം പുറത്തുവന്നതിന് പിന്നാലെ എല്ലാവരും ഞങ്ങളെകളിയാക്കി എന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ ചീഫ് പ്രദീപ് ഗുപ്ത ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആകെ 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചത് ടിവികെയ്ക്ക് 98 മുതൽ 120 സീറ്റുകൾ നേടുമെന്നാണ്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് 92-100 സീറ്റും ബിജെപി നേതൃത്വത്തിലുള്ള എഐഎഡിഎംകെ സഖ്യത്തിന് 22-32 സീറ്റും ലഭിക്കുമെന്നും സർവേ പ്രവചിച്ചു. 

'ഇത് ഡാറ്റാ സയൻസിന്റെ വിജയമാണ്, രാജ്യമെമ്പാടും ആരും ഇത് വിശ്വസിച്ചില്ല. ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് അവർ പറഞ്ഞു. തമിഴ്‌നാടും വിജയ്‌യും ഈ രീതിയിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രവചിച്ചപ്പോൾ എല്ലാ രാഷ്ട്രീയ പണ്ഡിതന്മാരും, നിരീക്ഷകരും, മറ്റ് പോളിംഗ് ഏജൻസികളും ആക്സിസ് മൈ ഇന്ത്യയെ നോക്കി ചിരിച്ചു'- പ്രദീപ് ഗുപത എൻഡിടിവിയോട് പ്രതികരിച്ചു.

ടിവികെയ്ക്ക് 17 സീറ്റുകൾ വരെ മാത്രമായിരുന്നു ഭൂരിഭാഗം സർവേകളും പ്രവചിച്ചത്. തമിഴ്‌നാട്ടിൽ ടിവികെ നിർണായക സാന്നിധ്യമാകുമെന്ന് മാത്രമായിരുന്നു മറ്റ് എക്സിറ്റ് പോളുകളുടെ വിലയിരുത്തൽ. എന്നാൽ ആക്സിസ് മൈ ഇന്ത്യ പ്രകാരം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേക്കാൾ മുന്നിലായിരുന്നു. പോൾ ചെയ്തവരിൽ 35 ശതമാനം പേർ എം.കെ. സ്റ്റാലിനെ പിന്തുണച്ചപ്പോൾ, വിജയ്ക്ക് 37 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

ആക്സിസിന്റെ പ്രവചനം പോലെ കന്നിയംഗത്തില്‍ തന്നെ തമിഴ്​നാട്ടില്‍ ടിവികെ തരംഗം ആഞ്ഞടിക്കുകയാണ്. 100നു മേല്‍ സീറ്റില്‍ ലീഡ് തുടരുന്ന ടിവികെ തമിഴ്നാട്ടില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കാണ് തറപറ്റിയിരിക്കുന്നതും അപ്രതീക്ഷിതമായിരിക്കുകയാണ്. മത്സരിച്ച രണ്ട് മണ്ഡലത്തിലും വിജയ് മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം എംകെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ 8539 വോട്ടത്തിന് തോറ്റു. ടിവികെ സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വിഎസ് ബാബുവാണ് സ്റ്റാലിനെതിരെ വിജയിച്ചത്.

ENGLISH SUMMARY:

Tamil Nadu election results are surprising many as the Thendral Vetri Kazhagam (TVK) led by Vijay is making significant gains. While most exit polls predicted a return for the DMK, Axis My India was the sole survey to forecast Vijay's success, projecting a substantial number of seats for TVK.