sandeep-pathak

TOPICS COVERED

രാഘവ് ഛദ്ദയടക്കം ഏഴു എംപിമാര്‍ പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിയെ പൊതുമധ്യത്തില്‍ നാണംകെടുത്തുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഞെട്ടലുണ്ടാക്കുന്നത് കൂട്ടത്തിലെ ഒരു പേരാണ്. സന്ദീപ് പഥക്. ഇന്നല്ലെങ്കില്‍ നാളെ, രാഘവ് ഛദ്ദ പാര്‍ട്ടി വിടുമെന്ന് എഎപി കണക്കുകൂട്ടിയിരുന്നെങ്കിലും നേതൃത്വത്തെ പോലും ഞെട്ടിച്ചൊരു കൂറുമാറ്റമാണ് സന്ദീപ് നടത്തിയത്. സന്ദീപ് പഥക് പാര്‍ട്ടി വിട്ടതോടെ എഎപിയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. 

2016 മുതല്‍ പാര്‍ട്ടിയില്‍ അംഗമായെങ്കിലും പൊതു ഇടത്തില്‍ അത്ര പരിചിതനായിരുന്നില്ല സന്ദീപ്. 2022 ല്‍ പാര്‍ട്ടിയുടെ ദേശിയ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം എഎപിയുടെ രാഷ്ട്രീയ കാര്യ സമിതിയിലും ഭാഗമായിരുന്നു. അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ സമയത്ത് പാര്‍ട്ടി ചലിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ജയിലില്‍ കെജരിവാളിനെ കാണാന്‍  അനുമതിയുള്ള ‌ മൂന്നു പേരില്‍ ഒരാള്‍. 

ഡല്‍ഹിക്ക് പുറത്ത് എഎപി ആദ്യമായി അധികാരം നേടിയ പഞ്ചാബില്‍ പാര്‍ട്ടിയെ അതിന് സ‍ജ്ജമാക്കിയ അദൃശ്യ ബുദ്ധികേന്ദ്രം സന്ദീപ് പഥക്കായിരുന്നു. പൊളിറ്റിക്കല്‍ പ്ലാനിങായിരുന്നു സന്ദീപിന്‍റെ മേഖല. കണക്കുകൾ, സർവേകൾ, ഫലങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് സന്ദീപ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ഡേറ്റ അടിസ്ഥാനമാക്കി താഴെ തട്ടില്‍ നടത്തിയ പ്രചാരണമാണ് പഞ്ചാബില്‍ എഎപിയുടെ വിജയത്തിന് പിന്നിലെ ഒരു കാരണം. 

സര്‍വെകളും പ്ലാനിങിലും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എഎപിക്ക് പഞ്ചാബില്‍ മികച്ച അടിത്തറയുണ്ടാക്കി. പഞ്ചാബിലും പിന്നീട് ഗുജറാത്തിലും സന്ദീപ് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കെജരിവാളിന്‍റെ വിശ്വാസ്യത നേടിയെടുക്കുന്നതിലേക്ക് എത്തിച്ചത്. അങ്ങനെ കെജരിവാളിന്‍റെ ചാണക്യന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. 

നേതൃത്വവുമായി അകന്ന രാഘവ് ഛദ്ദയും സ്വാതി മലിവാളും പാര്‍ട്ടി വിടുമെന്ന് എഎപി നേതൃത്വം പ്രതീക്ഷിച്ചിരുന്നതാണ്. പാര്‍ട്ടി വിട്ട അശോക് മിട്ടലിന്‍റെ ബിസിനസുകളിലും വീട്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മിത്തൽ-ഇഡി എപ്പിസോഡിന് ശേഷം വ്യവസായിയായ വിക്രംജിത് സാഹ്നി പാര്‍ട്ടി മാറിയതിലും എഎപിക്ക് വലിയ ഞെട്ടലില്ല. ഹര്‍ഭജന്‍ സിങ് പാര്‍ട്ടിയില്‍ അത്ര സജീവമല്ല. എന്നാല്‍ സന്ദീപ് പഥകിന്‍റെ മാറ്റമാണ് പാര്‍ട്ടിയെ ആശ്ചര്യപ്പെടുത്തുന്നത്.

''സന്ദീപ് പഥക്  ഭായ് നിങ്ങളോ?? നിങ്ങളുടെ മൂല്യങ്ങള്‍ക്ക് എന്തുപറ്റി?? നിങ്ങള്‍ക്ക് എന്താണ് പറ്റിയത്, രാഘവിന്‍റെ വഴി പിന്തുടര്‍ന്ന് നിങ്ങളും'' എന്നാണ് മുൻ എഎപി എംഎൽഎ സോമനാഥ് ഭാരതി എക്സില്‍ കുറിച്ചത്.

ENGLISH SUMMARY:

Sandeep Pathak's departure from the Aam Aadmi Party has caused significant internal shock, even more so than Raghav Chadha's exit. Pathak, known as Kejriwal's 'Chanakya' for his data-driven political planning and strategic role in AAP's Punjab and Gujarat successes, was a key figure expected to support the party's organizational strength.