ആം ആദ്മി പാര്‍ട്ടിയുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് രാജ്യസഭാ എംപി രാഘവ് ഛദ്ദ. ആം ആദ്മി പാര്‍ട്ടിയുടെ ഏഴു രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ലയിക്കുമെന്ന് രാഘവ് ഛദ്ദ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറിനെതിരെ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ആരോപിച്ച് രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തു നിന്നും രാഘവ് ഛദ്ദയെ എഎപി നീക്കിയിരുന്നു.
എം.പിമാരായ അശോക് മിത്തലും സന്ദീപ് പഥക്കിനുമൊപ്പമാണ് രാഘവ് ഛദ്ദ വാര്‍ത്തസമ്മേളനത്തിനെത്തിയത്. ഇവരെ കൂടാതെ സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. രാജ്യസഭയില്‍ എഎപിയ്ക്കുള്ള പത്ത് അംഗങ്ങളില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നാണ്.
രാജ്യസഭയിലെ മൂന്നില്‍ രണ്ട് എ.എ.പി. അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല. ഛദ്ദയ്ക്ക് പകരം രാജ്യസഭാ ഉപനേതാവായി തിരഞ്ഞെടുത്ത അശോക് മിത്തലും പാര്‍ട്ടി വിട്ടു എന്നത് എഎപിക്ക് വലിയ തിരിച്ചടിയായി.
മൂന്നില്‍ രണ്ട് അംഗങ്ങളുടെ തങ്ങള്‍ക്കൊപ്പമാണെന്നും ഭരണഘടന വ്യവസ്ഥ പ്രകാരം ബിജെപിയില്‍ ലയിക്കുമെന്നും ഛദ്ദ വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടി 15 വർഷം സമർപ്പിച്ചെങ്കിലും ഒരിക്കൽ അത് ഉയർത്തിപ്പിടിച്ച സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്നും എഎപി അകന്നുപോയതായി രാഘവ് ഛദ്ദ ആരോപിച്ചു. പാര്‍ട്ടി രാജ്യത്തിനോ ദേശിയ താല്‍പര്യത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.