ബംഗാളില്‍ സാന്നിധ്യമറിയിക്കാന്‍ പോരാടുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒന്നാംഘട്ട വോട്ടെടുപ്പ് ഏറെ നിര്‍ണായകം... സി.പി.എമ്മിന്റെ വിജയപ്രതീക്ഷകളായ രണ്ട് സ്ഥാനാർഥികളും ആദ്യഘട്ടത്തിലാണ് മല്‍സരിക്കുന്നത്. ബംഗാളിലെ കോണ്‍ഗ്രസ് അതികായന്‍ അധിർ രഞ്ജൻ ചൗധരിയുടെ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്.
ബംഗാള്‍ നിയമസഭയില്‍ നിലവില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും അംഗങ്ങളില്ല. ഈ അവസ്ഥയ്ക്ക് ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. മൂർഷിദാബാദിലെ ഡൊങ്കലിൽനിന്ന് മുസ്താഫിസുർ റഹ്മാനും ഉത്തർ ദിനാജ്പുരിലെ കരൺദിഗിയിൽ ഹാജി ശഹാബുദ്ദീനുമാണ് സിപിഎമ്മിന്റെ പ്രതീക്ഷകൾ. ജനകീയ നേതാവായ മുസ്താഫിസുർ തൃണമൂൽ സ്ഥാനാർഥി ഹുമയൂൺ കബീറിനെതിരെ കടുത്ത മൽസരമാണ് കാഴ്ചവയ്ക്കുന്നത്.
ഡൊങ്കലിൽ അടുത്തിടെ 400ൽപ്പരം അതിഥിതൊഴിലാളി കുടുംബങ്ങൾ തൃണമൂൽവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് ഓഫിസ് സിപിഎം തിരഞ്ഞെടുപ്പ് ഓഫിസായി മാറി. മണ്ഡലത്തില്‍ 45,000 കുടിയേറ്റത്തൊഴിലാളികളുണ്ട്, 25,000 പേർ കേരളത്തിലാണെന്നും റാണ എന്നു വിളിപ്പേരുള്ള മുസ്താഫിസുർ റഹ്മാൻ പറഞ്ഞു.
ബീഡി കമ്പിനി ഉടമയായ ഹാജി ശഹാബുദ്ദീൻ കരൺദിഗിയിൽ ശക്തമായ മൽസരം കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ രണ്ട് തവണയും തൃണമൂൽ കോൺഗ്രസാണ് ഇവിടെ ജയിച്ചത്. സിപിഎം താരസ്ഥാനാർഥികളായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ, മീനാക്ഷി മുഖർജി, ദീപ്ഷിത ധർ തുടങ്ങിയവർ മൽസരിക്കുന്നുണ്ടെങ്കിലും വിജയസാധ്യതയില്ല. ലോക്സഭയിലെ കോൺഗ്രസ് സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ളവരും ഇന്ന് ജനവിധി തേടുന്നു. മാൾഡ, മുർഷീദാബാദ് ജില്ലകളിൽ ഏതാനും സീറ്റുകളിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.