തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോർ ടു ഡോർ കാംപയിനിലും വാഹനപ്രചാരണങ്ങളിലും സജീവമാണ്. ഇന്ന് വൈകിട്ട് ആറിനുശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 23 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. എടപ്പാടിയിലാണ് റോഡ് ഷോ സമാപിക്കുക. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എം.പി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും.
തമിഴ്നാടിനൊപ്പം ബംഗാളിലും ആദ്യഘട്ട പോളിങ്ങിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആകെയുള്ള 294 സീറ്റിൽ 152 സീറ്റുകളിലേക്കാണ് ആദ്യഘട്ട പോളിങ്. മറ്റന്നാളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്.
വടക്കൻ ബംഗാളിലെ കൂച്ച് ബിഹാർ, അലിപുർദുവാർ ജൽപായ്ഗുരി, ഡാർജിലിങ്, മാൾഡ അടക്കം ജില്ലകളിലാണ് ആദ്യഘട്ട പോളിങ്. കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള മൂർഷിദാബാദിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നൂറുകണക്കിന് കേന്ദ്രസേന അംഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കലാശക്കൊട്ടിനായി ഇന്ന് ബംഗാളിൽ എത്തും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളും ആദ്യഘട്ട പോളിങ്ങിലുണ്ട്.