തമിഴ്നാട്ടിലും ബംഗാളിലും വന്‍ പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി. അഞ്ചുമണിവരെ 89.93 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. വ്യാപക സംഘര്‍ഷവും അരങ്ങേറി. മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ്– എ.യു.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അസന്‍സോള്‍ സൗത്തില്‍ ബി.ജെ.പി. എം.എല്‍.എയുടെ കാര്‍ തകര്‍ത്തു. ബിര്‍ഭൂമില്‍ ആക്രമണത്തില്‍ ബി.ജെ.പി ബൂത്ത് ഏജന്‍റിന് ഗുരുതരമായി പരുക്കേറ്റു. 

 

പ്രചാരണത്തിലെ ആവേശം പോളിങ് ബൂത്തിലേക്കും എത്തുന്നതാണ് ബംഗാളില്‍ കണ്ടത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടു. മുര്‍ഷിദാബാദിലെ നൗഡയില്‍ ഇന്നലെ രാത്രി ബോംബേറുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ സ്ഥാനാര്‍ഥിയും എ.യു.ജെ.പി. നേതാവുമായ ഹുമയൂണ്‍ കബീറിനെ ടി.എം.സി. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ്  ലാത്തിച്ചാര്‍ജ് നടത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. 

 

Also Read: ബംഗാളില്‍ മികച്ച പോളിങ്; മൂര്‍ഷിദാബാദില്‍ ലാത്തിച്ചാര്‍ജ്; 'തമിഴ്നാട് വെല്ലു'മെന്ന് സ്റ്റാലിന്‍

അസന്‍സോള്‍ സൗത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും നിലവിലെ എം.എല്‍.എയുമായ അഗ്നിമിത്ര പോള്‍ റഹ്മത്‌ നഗറിലെ പോളിങ് ബൂത്തില്‍നിന്ന് മടങ്ങവെ കാറിനു നേരെ

ആക്രമണമുണ്ടായി. പിന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. സൗത്ത് ദിനാജ്പുരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒരു സംഘം ആളുകള്‍ ഓടിച്ചിട്ട് മര്‍ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തില്‍

ആയിരുന്നു ആക്രമണം. ബിര്‍ഭും ജില്ലയിലെ ലവ്പുര്‍ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ദേബാശിശ് ഓജയുടെ തിരഞ്ഞെടുപ്പ് ഏജന്‍റിനെയും ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിശ്വജിത് മണ്ഡലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി. ആരോപിച്ചു. ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളാണ്

വിധിയെഴുതിയത്. ശേഷിക്കുന്ന 142 മണ്ഡലങ്ങളില്‍ ഈ മാസം 29 ന് വോട്ടെടുപ്പ് നടക്കും.

 

തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5 മണി വരെയുള്ള കണക്ക് അനുസരിച്ച് 82.24 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.63 ശതമാനം വോട്ട് ആണ് രേഖപ്പെടുത്തിയിരുന്നത്. വിജയ് മത്സരിക്കുന്ന പെരമ്പൂരിൽ 86.72 ശതമാനവും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ 79.32 ശതമാനവാണ് പോളിങ്. മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂരിൽ 83.58 ശതമാനം വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി മത്സരിക്കുന്ന എടപ്പാടി യില് 89.09 ശതമാനം ആണ് പോളിങ്. 

 

അതിനിടെ വിജയ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതി. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വോട്ടർമാർക്ക് മതിയായ ബസ് സൗകര്യം ഏർപ്പെടുത്താത്തതിനാൽ വോട്ടർമാർ ദുരിതം അനുഭവിക്കുന്നുവെന്നും ഇത്തരത്തിലുള്ള യാത്ര തടസ്സങ്ങളും നീണ്ട ക്യൂവും കണക്കിലെടുത്ത് ബാധിക്കപ്പെട്ട ഇടങ്ങളിൽ പോളിംഗ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണം എന്നും കത്തിൽ ആവശ്യപ്പെട്ടു. വാണിയമ്പാടിയിൽ TVK - ഡിഎംകെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.

ENGLISH SUMMARY:

High voter turnout in Tamil Nadu and West Bengal marked the recent elections, with record numbers participating in both states. Despite widespread clashes and incidents of violence, particularly in West Bengal, the enthusiasm for voting was evident from the long queues at polling booths.