മണ്ഡലപുനര്‍നിര്‍ണയം പരാജയപ്പെടുത്തിയ മാതൃകയില്‍ എഫ്സിആര്‍എ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ പ്രതിരോധനിര സജ്ജമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേരളത്തിലെ അടക്കം മത,രാഷ്ട്രീയ നേതാക്കളുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പി. വില്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയുടെ വനിത സംരണ നീക്കം ഭരണഘടന അട്ടിമറിക്കാനായിരുന്നുവെന്ന് വനിത സംവരണത്തിന് സ്വകാര്യബില്‍ കൊണ്ടുവന്ന രാജ്യസഭാംഗം കൂടിയായ വില്‍സണ്‍ പറഞ്ഞു.
മണ്ഡലപുനര്‍നിര്‍ണയനീക്കം പാര്‍ലമെന്‍റില്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയും ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുകയും ചെയ്തതിന് പിന്നാലെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ പോരാട്ടനിര ഒരുക്കുകയാണ് സ്റ്റാലിന്‍.
വിവിധ സഭകളിലെ ബിഷപ്പുമാരും ക്രൈസ്തവമതമേലധ്യക്ഷന്മാരും സ്റ്റാലിനുമായി ചര്‍ച്ച നടത്തി. ക്രൈസ്തവ വിഭാഗങ്ങളുടെ സ്വത്ത് അപഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. രാഷ്ട്രീയമായും വിശ്വാസികളുടെ തലത്തിലും എതിര്‍പ്പുയര്‍ത്താനാണ് നീക്കം. രാജ്യസഭാംഗം പി. വില്‍സണാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ വനിതസംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ സ്വകാര്യബില്‍ രാജ്യസഭയില്‍ കൊണ്ടുവന്ന് പി. വില്‍സണ്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിലെ ലോക്സഭാ സീറ്റുകളുടെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണമെന്നാണ് ആവശ്യം .
പുതിയ ജനസംഖ്യ കണക്കെടുപ്പ് അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയമെന്ന വ്യവസ്ഥ 25 വര്‍ഷത്തേയ്ക്ക് കൂടി മരവിപ്പിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. മണ്ഡലപുനര്‍നിര്‍ണയത്തിന് നിയമസഭകളുടെ അംഗീകാരം തേടണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന് ഏറെ ഗുണം ചെയ്യും. വിജയ്‍യ്ക്ക് ക്ഷീണവും.