modi-amit-shah-rahu-gandhi

ലോക്‌സഭയുടെ അംഗബലം വർധിപ്പിക്കുന്നതിനും വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെടുത്തിയത് പ്രതിപക്ഷ ഐക്യമാണ്. വെള്ളിയാഴ്ച വൈകീട്ട് നടന്ന വോട്ടെടുപ്പില്‍ 298 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 12 വര്‍ഷത്തിനിടെ ആദ്യമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരമൊരു തോല്‍വി ഏറ്റുവാങ്ങുന്നത്. 

കൂടുതല്‍ പേര്‍ അനുകൂലിച്ചിട്ടും വോട്ടെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ തോല്‍ക്കുകയാണ് ഉണ്ടായത്. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കണമെങ്കില്‍ സഭയിലെ ആകെ അംഗസംഖ്യയുടെ പകുതിയിലധികം േപരുടെ പിന്തുണ ആവശ്യമാണ്. കൂടാതെ വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയിലുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ടു പേരും പിന്തുണയ്ക്കണം. 131-ാം ഭേദഗതിയില്‍ ആദ്യത്തെ മാനദണ്ഡം പാലിച്ചെങ്കിലും രണ്ടാമത്തേതില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഭേദഗതി ബിൽ പരാജയപ്പെട്ടതായി ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. 

540 അംഗ ലോക്സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 12 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 298 പേരാണ് ബില്ലിനെ അനുകൂലിച്ചു. 230 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 528 പേരില്‍ 352 പേരുടെ പിന്തുണയാണ് ബില്ലിന് വേണ്ടിയിരുന്നത്. ഫലത്തില്‍ 54 പേരുടെ കുറവിലാണ് ബില്‍ പരാജയപ്പെട്ടത്. ഇതോടെ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ രൂപീകരണത്തിനുള്ള ബില്ലും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ബാധകമാകുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന ബില്ലും സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോക്സഭയില്‍ 293 അംഗ പിന്തുണയാണ് എന്‍ഡിഎയ്ക്കുള്ളത്. 234 പേരാണ് ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗത്തുള്ളത്. 

ലോക്സഭയിലെ സീറ്റുകള്‍ 850 വരെ വര്‍ധിപ്പിക്കാനും ശേഷം 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനുമാണ് േകന്ദ്ര സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിലവിലെ 543 സീറ്റുകളില്‍ 33 ശതമാനം വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. 

ENGLISH SUMMARY:

The parliamentary bill aimed at increasing Lok Sabha seats and implementing women's reservation through delimitation has been defeated due to opposition unity. This marks the first such defeat for the Narendra Modi government in 12 years, highlighting challenges in passing constitutional amendments requiring a two-thirds majority.