വനിതാസംവരണ ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ, 2023ല്‍ പാസാക്കിയ വനിതാ സംവരണം പ്രാബല്യത്തിലായെന്ന് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം ഇറക്കി. മണ്ഡലപുനര്‍നിരണയത്തില്‍ കടുത്തപ്രതിപക്ഷ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ഈ നീക്കം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ല. 2023 ല്‍ വനിതാസംവരണ ബില്‍ പാസാക്കിയെങ്കിലും ഇതുവരെ വിഞ്ജാപനം ഇറങ്ങിയിരുന്നില്ല.
Also Read: 'മോദിയെക്കാള്‍ വലിയ ഫെമിനിസ്റ്റില്ല'; വനിതാ സംവരണത്തില്‍ വാഴ്ത്തി കങ്കണ
നാരീശക്തി ശക്തമായ ഇന്ത്യയുടെ മുഖമുദ്രയെന്ന് വിജ്ഞാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അതേസമയം കേന്ദ്രനീക്കം ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. വനിത സംവരണ നിയമം വിജ്ഞാപനം ചെയ്തത് ചര്‍ച്ച ചെയ്യാനായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആരംഭിച്ചു . വിജ്ഞാപനത്തിനുശേഷം ചര്‍ച്ചയെന്തിനെന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു. പാര്‍ലമെന്‍റിനോടുള്ള അവഹേളനമെന്ന് കനിമൊഴി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിന് വനിതകളെ പരിചയാക്കുന്നെന്നും കനിമൊഴി കുറ്റപ്പെടുത്തി.
ഇന്നും കറുപ്പണിഞ്ഞാണ് ഡി.എം.കെ അംഗങ്ങള്‍ പാര്‍ലമെന്റിലെത്തിയത്.
വൈകിട്ട് നാലുമണിക്കാണ് വോട്ടെടുപ്പ്. ഭരണഘടന ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തു നിന്ന് കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല. വനിത സംവരണം നിലവിലെ സീറ്റുകളില്‍ മതിയെന്ന് കോണ്‍ഗ്രസ്. മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ സീറ്റുകളുടെ എണ്ണം അൻപത് ശതമാനം വീതം വർധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നാണ് സർക്കാർ നോക്കുന്നത്. ഇന്നലെ പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച രാത്രി 1.20നാണ് അവസാനിച്ചത്. രാജ്യസഭയിൽ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും.
രാജ്യസഭയിൽ മാത്രം അംഗങ്ങളുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിൽ പാസാകാതെ വന്നാൽ അത് പ്രതിപക്ഷത്തിന് എതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് ബിജെപി തീരുമാനം.