Image Credit:Sansad TV via PTI Photo

Image Credit:Sansad TV via PTI Photo

ഫെമിനിസത്തിന്‍റെ പതാകവാഹകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. മോദിയെക്കാള്‍ വലിയ ഫെമിനിസ്റ്റ് ഇല്ലെന്നും അവര്‍ ലോക്സഭയില്‍ പറഞ്ഞു. വനിതാസംവരണത്തിലെ ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു കങ്കണയുടെ പരാമര്‍ശം.'പ്രധാനമന്ത്രിയെക്കാള്‍ വലിയ ഫെമിനിസ്റ്റില്ലെന്നാണ് ഇന്ത്യയിലെ ഓരോ സ്ത്രീകളും വിശ്വസിക്കുന്നത്. ഫെമിനിസത്തിന്‍റെ പതാകവാഹകനാണ് മോദി. രാജ്യത്തെ സ്ത്രീകള്‍ എക്കാലവും അതിന് മോദിയോട് കടപ്പെട്ടിരിക്കും. മോദിയെപ്പോലെ സ്ത്രീകളില്‍ വിശ്വാസമര്‍പ്പിച്ച മറ്റാരും ഉണ്ടായിട്ടില്ല. ആ വിശ്വാസത്തിനും ഞങ്ങള്‍ സ്ത്രീകള്‍ നന്ദിയുള്ളവരായിരിക്കും' എന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. 

ചരിത്രപരമായ ചുവടുവയ്പ്പാണ് വനിതാസംവരണത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്‍കുന്ന ഈ ബഹുമാനം രാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്‍റിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതാസംവരണം നടപ്പാക്കുന്നത് വൈകിപ്പിച്ചുകൂടെന്നും ക്രെഡിറ്റ് പ്രതിപക്ഷം എടുത്താലും ബില്‍ പാസാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലെ കാലതാമസം ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയിരുന്നത് 816 ആയി വർധിപ്പിക്കാനാണു നീക്കം. അധികമായുള്ള 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വരും വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023 സെപ്റ്റംബറിലാണ് വനിതാ സംവരണത്തിനുള്ള 106–ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കിയത്. അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനഃക്രമീകരണത്തിൽ വനിതാ സീറ്റുകൾ തീരുമാനിക്കുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. 

ENGLISH SUMMARY:

Actor-politician Kangana Ranaut lauded PM Narendra Modi during the Lok Sabha debate on the Women's Reservation Amendment Bill, calling him the biggest flagbearer of feminism in India. Kangana stated that the nation's women would forever be indebted to the PM for his unwavering trust in them. The central government aims to increase Lok Sabha seats to 816, with 273 reserved for women, ensuring implementation by the 2029 general elections. PM Modi also appealed to the opposition to support the bill, emphasizing that any delay in increasing women's representation would hurt the essence of Indian democracy. The 106th Constitutional Amendment, passed in 2023, is set to be operationalized following the upcoming census and delimitation exercise.