പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുള്ള ലോക്സഭയിലെ പ്രസംഗത്തില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ 16 എന്ന അക്കത്തിന് വലിയ പ്രധാന്യം ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയുടെ പ്രസംഗം 16-ാം തീയതി ആണെന്ന കാര്യം ഓര്‍ത്ത് ഞെട്ടി പോയെന്നാണ് രാഹുല്‍ പറഞ്ഞത്. '16' നുള്ളിലെ രഹസ്യം രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. 

ഇന്നലെ ഞാനിവിടെ ഇരുന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. ഊര്‍ജ്ജസ്വലതയില്ലാതെ ജനങ്ങളിലേക്ക് എത്താത്ത സംസാരമായിരുന്നു അദ്ദേഹത്തിന്‍റേത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഈ സമയത്താണ് ഇത് ഏപ്രിൽ 16 ആണെന്ന് താൻ ശ്രദ്ധിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

'ഈ ബില്‍ പാസാക്കാൻ ശ്രമിച്ചത് ഒരു അബദ്ധമായിരുന്നുവെന്ന് വ്യക്തമാണ്. ഫോണിൽ തീയതി നോക്കി, ഏപ്രിൽ 16. എന്റെ ദൈവമേ, ഇത് എത്ര വിചിത്രമാണ്, ആ സംഖ്യയാണ് അത്. പതിനാറ്. കടങ്കഥയുടെ ഉത്തരം 16 എന്ന അക്കത്തിലുണ്ട്. ഞാൻ ഈ പറയുന്നത് ആർക്കെങ്കിലും മനസിലാകുന്നുണ്ടെങ്കിൽ, ദയവായി എനിക്കൊരു സന്ദേശം അയക്കൂ' എന്നാണ് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്. രാഹുൽ സംസാരിക്കുമ്പോൾ മോദി സഭയിൽ ഉണ്ടായിരുന്നില്ല. 

ട്രഷറി ബെഞ്ചിലേക്ക് വിരള്‍ചൂണ്ടിക്കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങളുടെ ഉത്തരം 16 എന്ന സംഖ്യയിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ എന്താണ് പറയാന്‍ ഉദ്യേശിച്ചതെന്നതില്‍ വ്യക്തതയില്ലെങ്കിലും ലോക്സഭയിലെ ഭൂരിപക്ഷമാണ് ഉദ്യേശിച്ചതെന്നാണ് സൂചന. 543 അംഗ സഭയില്‍ ബിജെപിക്ക് 240 അംഗങ്ങളാണുള്ളത്. ജെഡിയുവിന് 12 പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടിക്ക് 16 പേരുമാണുള്ളത്.

മണ്ഡലം പുനര്‍നിര്‍ണയം നടന്നാല്‍ സീറ്റുകള്‍ കുറയുമെന്ന് ആശങ്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടിയാണ് ടിഡിപി.  മോദിയുടെ നീക്കത്തോട് പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്ന സൂചനയാകാം രാഹുല്‍ നല്‍കിയതെന്നാണ് സൂചന. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങള്‍ രാഹുലിനോട് ഇക്കാര്യത്തെ പറ്റി ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. രാഹുലിന്‍റെ പ്രസംഗത്തിന് പിന്നാലെ വിഷയം ആസ്പദമാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പോസ്റ്റിട്ടു. 16 എന്നത് എപ്‌സ്റ്റീൻ എന്നതുമായി സാമ്യമുള്ളതായി തോന്നുന്നില്ലേ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പോസ്റ്റിലെ ചോദ്യം. 

ENGLISH SUMMARY:

Rahul Gandhi's Lok Sabha speech highlighted a '16' number mystery in Prime Minister Narendra Modi's constituency delimitation plan. He alluded to this significant number during his address, leaving many to speculate about its underlying meaning and potential implications for Indian politics.