ആരാധകന്‍റെ പൂപ്പന്തേറിൽ ഭയന്ന് നേതാവ് റോഡ് ഷോ നിർത്തി വാഹനത്തിൽ കയറി നീങ്ങിയത് തമിഴ്‌നാട്ടിൽ കഴിഞ്ഞദിവസം കണ്ടതാണ്. പൂക്കൾക്ക് ഉയിർ നൽകും പോലെ തോവള ഉൾപ്പെടെയുള്ള പൂ മാർക്കറ്റുകളിൽ മികച്ച വിൽപ്പനയുള്ള കാലമായി തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പും മാറി. പൂക്കൾ സമർപ്പിച്ചുള്ള അനുഗ്രഹവും സ്‌നേഹവും നിറയ്ക്കാതെ അണികൾക്ക് ആവേശം പൂർണതയിൽ എത്തിക്കാനാവില്ല.
ഇതൊരു ആരാധക സ്‌നേഹമായിരുന്നു. അപ്രതീക്ഷിതമായതിനാൽ നായകനും ഭയന്നു. സുരക്ഷയൊരുക്കുന്നവരും. ആദരവ് തീർക്കാനും സ്‌നേഹം നിറയ്ക്കാനും ഹാരമിട്ട് സ്വീകരിച്ച് പൂക്കൾ സമ്മാനിച്ച്, വാരിവിതറി നേതാക്കളെയും സ്ഥാനാർഥികളെയും വരവേൽക്കാൻ നാട്, നഗര വ്യത്യാസമില്ലാതെ ഒത്തുകൂടുന്നതും ആഹ്ലാദമാണ്. ഇതോടെ തമിഴ്‌നാട്ടിലെ പ്രമുഖ പൂ മാർക്കറ്റായ തോവാളയിലും പൂ വാങ്ങാനെത്തുന്നവരുടെ എണ്ണം ഉയർന്നു. ഹാര സമർപ്പണത്തിനും പൂക്കൾ വിതറുന്നതിനും. മുല്ല, പിച്ചി, റോസ്, ചെണ്ടുമല്ലി, അരളി തുടങ്ങി സകലതരം പൂക്കൾക്കും നല്ല ഡിമാൻഡുണ്ട്. വിൽപ്പന കൂടിയത് സന്തോഷമാണെങ്കിലും പണം കൈയിൽ കരുതാവുന്നതിൽ തിരഞ്ഞെടുപ്പ് കാലത്തെ നിയന്ത്രണം കടുത്ത പ്രതിസന്ധിയെന്ന് വ്യാപാരികൾ.
വർഷം മുഴുവൻ കേരളം ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിലേക്ക് പൂ നൽകുന്ന മാർക്കറ്റുകളിൽ പ്രധാനിയായ തോവാള തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ പൂമൂല്യം പെട്ടിയിലാക്കി. തിരഞ്ഞെടുപ്പ് കാലം സ്ഥാനാർഥികൾക്ക് ചെലവേറും സമയമാണ്. അണികളുടെ ആവേശത്തിന് അതിർവരമ്പിലാതെയാവുമ്പോൾ ഇവിടെ ഇനിയും വാടാത്ത പൂ മൊട്ടുകളുടെ വരവേറും.