tamilnadu-politics

TOPICS COVERED

തമിഴ്നാട്ടില്‍ ഇക്കുറി ഡിഎംകെയുടെ ഉദയസൂര്യനില്ലാത്തതോ അണ്ണാ ഡിഎംകെയുടെ രണ്ടില വിരിയാത്തതോ ആയ 21 മണ്ഡലങ്ങള്‍ ഉണ്ടാകും. ഈ മണ്ഡലങ്ങളില്‍ രണ്ടുമുന്നണികളിലേയും സഖ്യകക്ഷികള്‍ തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. 2021 തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള 11 മണ്ഡലങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

ഡിഎംകെയും അണ്ണാ ഡിഎംകെയും മല്‍സരിക്കാത്ത 21 മണ്ഡലങ്ങളില്‍ സഖ്യകകക്ഷികള്‍ അവരുടെ തന്നെ ചിഹ്നങ്ങളിലാണ് മല്‍സരിക്കുന്നത്.  ഷോളിന്‍ഗൂര്‍, പെന്നഗരം, മയിലാട്തുറെ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും പിഎംകെയും തമ്മിലാണ് പ്രധാനമല്‍സരം. ധര്‍മപുരി, പോലൂര്‍, സേലം വെസ്റ്റ്, വിരുദാചലം എന്നിവടങ്ങളില്‍ ഡിഎംഡികെയും പിഎംകെയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. കാട്ടുമണ്ണാര്‍ക്കോവില്‍, തിരുപ്പോരൂര്‍ എന്നിവടിങ്ങളില്‍ വിസികെയും പിഎംകെയും തമ്മിലാണ് പോരാട്ടം. ഗന്ധര്‍വക്കോട്ടൈയിലും പദ്മനാഭപുരത്തും സിപിഎം  ബിജെപിയും ഏറ്റുമുട്ടും. ഊട്ടി, അരന്താങ്കി, വിളവന്‍കോട്, കിള്ളിയൂര്‍, കൊളച്ചല്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമല്‍സരം. കാരൈക്കുടിയിലും നങ്കുനേരിയിലും കോണ്‍ഗ്രസും എഎംഎംകെയും നേര്‍ക്കുനേര്‍ വരും. തളിയില്‍ സിപിഐയും ബിജെപിയും നേര്‍ക്കുനേര്‍ വരും. പെരിയാങ്കുളത്ത് വിസികെയും എഎംഎംകെയും ഏറ്റുമുട്ടും. 

കീഴ്‌വേലൂരില്‍ സിപിഎമ്മും പിഎംകെയും തമ്മിലാണ് മല്‍സരം.ഡിഎംകെയുടേയും അണ്ണാ ‍‍ഡിഎംകെയുടേയും സഖ്യകക്ഷികള്‍ നേര്‍ക്കുനേര്‍ വരുന്ന മണ്ഡലങ്ങളില്‍  വിജയ്‌യുടെ ടിവികെയും സീമാന്‍റെ എന്‍ടികെയുമെല്ലാം കണ്ണുവച്ചിട്ടുമുണ്ട്. ഇവിടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഇരുപാര്‍ട്ടികളുടേയും ലക്ഷ്യം. എന്നാല്‍ ഈ 21 മണ്ഡലങ്ങളില്‍ പലതും സഖ്യകക്ഷികളുടെ ഉറച്ച സീറ്റുകളാണ്. അതുകൊണ്ട് തന്നെ നേട്ടമുണ്ടാക്കണമെങ്കില്‍ ടിവികെയും എന്‍ടികെയും നന്നായി അധ്വാനിക്കേണ്ടി വരും.  സഖ്യകക്ഷികള്‍ക്ക് ഏതാണ്ട് 5000 മുതല്‍ 20,000 വരെ വോട്ടുകള്‍ ഒരു മണ്ഡലത്തില്‍ സമാഹരിക്കാന്‍  കഴിയുമെന്ന് മനസിലാക്കിയതോടെയാണ് എം.കെ.സ്റ്റാലിന്‍ 20 ഓളം പാര്‍ട്ടികളെ സഖ്യത്തിലേക്ക് ചേര്‍ത്തതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ടിവികെയുടെ വരവ് ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും ഭൂരിപക്ഷത്തില്‍ കുറവ്  വരുത്തിയേക്കുമെന്നും നിരീക്ഷണമുണ്ട്.

ENGLISH SUMMARY:

In the upcoming Tamil Nadu elections, 21 constituencies will witness battles without the traditional DMK or AIADMK symbols. Alliance partners from both major fronts are competing against each other using their own party symbols in these seats. Key contests include Congress vs PMK and BJP vs Left parties across various regions. New entrants like Vijay's TVK and Seeman's NTK are aiming to make a significant impact in these specific battlegrounds. Political analysts suggest that the inclusion of smaller parties is a strategic move by M.K. Stalin to consolidate votes. The outcome in these 21 seats could define the strength of secondary political players in the state.