sathankulam-death-2

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ  വിധി. ഭാവിയിൽ കസ്റ്റഡിക്കൊലകൾ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായ മർദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. 

ജീവപര്യന്തം തടവ് പോലും ഈ കേസിൽ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതൽ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയിൽ കോടതി വിശദീകരിക്കുന്നു. ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

പ്രതികളായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം കയ്യിലെടുക്കുകയും യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത് ഗൗരവകരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

2020ല്‍ ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട  തുറന്നുവെന്നാരോപിച്ച് സാത്താൻകുളം പൊലീസ് ക‌സ്റ്റഡിയിലെടുത്ത ജയരാജ് (62), മകൻ ബെനിക്സ് (32) എന്നിവരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്തു 2 ദിവസത്തിനു ശേഷം കോവിൽപെട്ടി ‌സബ് ജയിലിൽ റിമാൻഡിൽ ആയിരിക്കെയാണ് അച്ഛനും മകനും മരിച്ചത്. 

ഇരുവർക്കുമെതിരെ പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  കട അടയ്ക്കാൻ പറഞ്ഞപ്പോൾ ഇവർ വാക്കേറ്റത്തിനു മുതിർന്നുവെന്ന് പൊലീസ് പറയുന്നെങ്കിലും ദൃശ്യങ്ങളിലില്ലായിരുന്നു. കടയ്ക്കു മു‍ന്നിലെ ഓട്ടോ സ്റ്റാൻഡിൽ വീണാണു ജയരാജിനു പരുക്കേറ്റതെന്ന പൊലീസ്  വാദവും പൊളിഞ്ഞിരുന്നു. അറസ്റ്റ് ചെ‌‌യ്തതായി  രേഖപ്പെടുത്തിയ സമയം തെറ്റാണെന്നും ദൃശ്യങ്ങൾ തെളിയിച്ചു. 

ENGLISH SUMMARY:

In a landmark verdict, the Madurai District Court has sentenced nine police personnel to death in the shocking Sathankulam custodial death case from Tamil Nadu. The court termed the brutal killing of a father and son, Jayaraj and Bennix, as a “rarest of rare” crime, emphasizing the need for strict punishment to deter custodial violence. The judgment highlights serious lapses and abuse of power by law enforcement officers, who were entrusted with maintaining law and order. CCTV evidence played a crucial role in exposing inconsistencies in the police version of events, strengthening the case against the accused. This verdict is expected to have far-reaching implications on police accountability and custodial practices in India, reigniting debates around human rights and justice.