തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മണ്ഡലം നഷ്ടപ്പെട്ട നിരാശയിലാണ് വിജയുടെ ടിവികെ. സുപ്രധാന മണ്ഡലമായ സേലത്തെ എടപ്പാടിയിയിലാണ് പ്രതിപക്ഷനേതാവും എഐഡിഎംകെ മുന്‍മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി മല്‍സരിക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ഥി അരുണ്‍കുമാറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ വീണ്ടും പാര്‍ട്ടി നല്‍കിയ പുതിയ സ്ഥാനാര്‍ഥി നിത്യയുടെ പട്ടികയും ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതോടെ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലാതായി.
ആവശ്യമായ പ്രൊപ്പോസര്‍മാരുടെ ഒപ്പുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടതാണ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുന്നതിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ സ്ഥാനാര്‍ഥി അരുണ്‍കുമാറിനെ കാണാതായതും പാര്‍ട്ടിക്ക് തലവേദനയായി.
ഒരോ നാമനിര്‍ദേശത്തിനും കുറഞ്ഞത് പത്ത് പേരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. എന്നാല്‍ അരുണ്‍കുമാറിന് എട്ട് ഒപ്പുകള്‍ മാത്രമാണ് നേടാനായത്. പകരം സ്ഥാനാര്‍ഥി നിത്യയുടെ നില ഇതിലും മോശമായിരുന്നു ഏഴ് ഒപ്പുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്.
അരുണ്‍കുമാറിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ടിവികെയുടെ ആരോപണം. ഇത്കൂടാതെ പത്രിക തള്ളിയതിന് പിന്നില്‍ ദുരൂഹതാ ആരോപണവും ഉയര്‍ന്നു.
അരുണ്‍കുമാര്‍ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കും ഹാജരായിരുന്നില്ല. ഇതും സംശയം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതോടെ സ്വന്തം മണ്ഡലമായ എടപ്പാടിയില്‍ ശക്തരായ എതിരാളികളില്ലാതെ വന്‍ വിജയമുറപ്പിച്ചിരിക്കുകയാണ് എടപ്പാടി പളനിസ്വാമി.