2024 ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ധ രാത്രിയും പോളിങ് നടന്നതായി ആരോപണം. പുലര്‍ച്ചെ രണ്ടു വരെ 3500 ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നതായാണ് ആരോപണം. അര്‍ധ രാത്രിക്ക് ശേഷം 17 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തെന്നും വിദഗധര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ആകെ വോട്ടിന്‍റെ 4.16 ശതമാനം രാത്രി 11.45 നും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് പോള്‍ ചെയ്തതെന്നാണ് ആരോപണം. 

രാത്രി 8 മണിക്ക് ശേഷം അസ്വാഭാവികമായ എന്തോ നടന്നുവെന്നാണ് ആരോപണം. 52 ലക്ഷം വോട്ടുകള്‍ രാത്രി എട്ട് മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കുമിടയില്‍ പോള്‍ ചെയ്തു. രാത്രി 12 മണിക്ക് ശേഷം 17 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. ഈ സമയത്ത് 20 സെക്കന്‍ഡ് ഇടവേളകളില്‍ ഓരോ വോട്ടും ചെയ്തതായി സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ റീസെറ്റ് ആകാൻ 14 സെക്കൻഡ് എടുക്കുമെന്നിരിക്കെ എങ്ങനെ ആറു സെക്കന്‍ഡില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. വോട്ടർക്ക് അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പോളിംഗ് ബൂത്തിൽ പ്രവേശിക്കാനും വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങാനും സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ആന്ധ്രപ്രദേശില്‍ എന്‍ഡിഎയ്ക്ക് തകര്‍പ്പന്‍ വിജയമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എൻഡിഎ 175 സീറ്റുകളിൽ 164 എണ്ണത്തിലും ജയിച്ചു. ടിഡിപി 135 സീറ്റ് നേടി. പവൻ കല്യാണിന്റെ ജനസേന 21 സീറ്റും ബിജെപി എട്ട് സീറ്റുകളും നേടി. തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോളിങ് ശതമാനത്തെ പറ്റി സംശയമുന്നയിച്ചിരുന്നു. 

മേയ് 13 ന് അഞ്ചു മണിക്ക് തിരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയത്ത് ആന്ധ്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പോളിങ് ശതമാനം 68.04 ആണ്. രാത്രി എട്ടു മണിക്ക് പോളിങ് 68.12 ശതമാനമായി തിരുത്തിയ രാത്രി 11.45 ന് പുതുക്കിയ പോളിങ് ശതമാനാമയി പുറത്തുവിട്ടത് 76.50 ശതമാനമാണ്. നാലു ദിവസത്തിന് ശേഷം ഇത് 81.79 ശതമാനായി തിരുത്തിയിരുന്നു. 

ENGLISH SUMMARY:

Andhra Pradesh election 2024 saw allegations of midnight voting, with claims that polling continued until 2 AM in 3500 booths. Experts have alleged that an unusual number of votes were cast after 8 PM, raising questions about the integrity of the electronic voting process.