ഇനി മുതൽ ഫിക്ഷൻ മാത്രമേ എഴുത്തുകയുള്ളൂ എന്ന് മുൻ ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. ഇപ്പോൾ ഫിക്ഷൻ എഴുത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എഴുത്തിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് നരവനെ പറഞ്ഞു. 'ദി കന്റോൺമെന്റ് കോൺസ്പിറസി: മിലിട്ടറി ത്രില്ലർ' എന്ന തന്‍റെ നോവലുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു നരവനെയുടെ പ്രതികരണം.
'സൈനിക റിപ്പോർട്ടുകൾ മാത്രമല്ല, സൈന്യത്തിന്‍റെ വിവിധ അക്കാദമിക് ജേണലുകളിലും എഴുതാറുണ്ട്. ഞാൻ കുറച്ച് ചെറുകഥകളും എഴുതിയിട്ടുണ്ട്, അതിലൊന്ന് ഫെമിന മാസികയിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഞാൻ ഫിക്ഷൻ എഴുതുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' - നരവനെ പറഞ്ഞു.
ഇന്ത്യയുടെ 28 ആം കരസേനാ മേധാവിയായിരുന്ന നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' യുമായി ബന്ധപ്പെട്ട വിവാദം പാർലമെന്‍റിനെ പിടിച്ചുകുലുക്കിയിരുന്നു. ഇനിയും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ചൈനയെ സംബന്ധിച്ച ഭാഗങ്ങള്‍ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ വലിയ വാക്പോരിനിടയാക്കി. പുസ്തകം പുറത്തിറക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണ് നരവനെ. സൈന്യത്തിലെ അഗ്നിപഥ് പദ്ധതി, ഗാൽവാൻ സംഘർഷം, ദോക്ലാം വിഷയം, ചൈനീസ് അതിർത്തി വിഷയം തുടങ്ങിയ ഭാഗങ്ങളാണ് വിവാദമായത്.
2020 ലെ അതിർത്തി സംഘർഷത്തിൽ ചൈനയ്‌ക്കെതിരായ ബിജെപി സർക്കാരിന്‍റെ നയം ദുർബലമായിരുന്നുവെന്ന് വാദിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ പാർലമെന്റിൽ പറഞ്ഞതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകിയത്. തുടർന്ന് പാർലമെന്റിൽ പുസ്തകത്തിന്റെ കോപ്പിയുമായി എത്തി രാഹുൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുസ്തകം എഴുതിയതിലൂടെ താൻ തന്‍റെ ജോലി പൂർത്തിയാക്കിയെന്നും ഇപ്പോൾ അതിന്റെ അവസ്ഥ "പ്രസാധകനും പ്രതിരോധ മന്ത്രാലയം ഇടയിലാണെന്നും" ആയിരുന്നു പുസ്തകത്തെ കുറിച്ചുള്ള നരവനെയുടെ പ്രതികരണം.