ബംഗാള്‍ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിക്കുണ്ടായ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതിക്ക് പരിധിവിട്ട് മറുപടി പറഞ്ഞത് മര്യാദാ ലംഘനമെന്നാണ് വാദം. പ്രധാനമന്ത്രിയും പ്രതികരിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് കടന്നു.
മൂന്ന് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ മമത ബാനര്‍ജിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. വിമാന താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. ആദിവാസി സമ്മേളനത്തിന്റെ വേദി മാറ്റി, കുറഞ്ഞ ജനപങ്കാളിത്തം. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ബിധാനഗറില്‍നിന്ന് ബാഗ്ദോഗ്ര വിമാനത്താവളത്തിന് അടുത്തേക്ക് വേദി മാറ്റിയത്. സംസ്ഥാന സർക്കാരിന് ആദിവാസികളുടെ ക്ഷേമത്തില്‍ താല്‍പ്പര്യം ഇല്ലായിരിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തന്നോട് ദേഷ്യമാണോ എന്ന് ചോദിച്ച രാഷ്ട്രപതി, പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞോ എന്നും പറഞ്ഞു.
മമത ബാനര്‍ജിയെ അനിയത്തി എന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചെങ്കിലും മമതയില്ലാത്ത മറുപടിയാണ് ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ താല്‍പ്പര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയത്തിൽ ഇടപെടരുതെന്നാണ് രാഷ്ട്രപതിയോട് മമത ബാനര്‍ജി പറഞ്ഞത്. മണിപ്പുരിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആദിവാസികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്രപതി എന്തുകൊണ്ട് നിശബ്ദത പാലിച്ചെന്നും മമതയുടെ ചോദ്യം.
ഗവര്‍ണറായിരുന്ന സി.വി.ആനന്ദബോസിനെ മുന്നറിയിപ്പില്ലാതെ മാറ്റിയതിലെ അനിഷ്ടമാണ് മമത പ്രകടിപ്പിച്ചത് എന്ന് വാദമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കൊല്‍ക്കത്തയില്‍ SIRനെതിരെ പ്രതിഷേധ ധര്‍ണ നയിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി. ഇന്നലെ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ സിലിഗുഡി മേയര്‍ ഗൗതം ദേബ് മാത്രമാണ് വിമാനതാവളത്തില്‍ എത്തിയത്. ആനന്ദബോസിന് പകരം ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍.രവി പകരം ചുമതലയേറ്റിട്ടുമില്ല. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. മമത ബാനര്‍ജിയും തൃണമൂല്‍ സര്‍ക്കാരും സര്‍വപരിധിയും ലംഘിച്ചെന്ന് പ്രധാനമന്ത്രിയും പറഞ്ഞതോടെ രാഷ്ട്രീയപ്പോരും മൂര്‍ച്ഛിക്കുകയാണ്.