കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. താന്‍ കോണ്‍ഗ്രസുകാരനാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിഷന്‍ 2031; വികസനവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പിണറായി സര്‍ക്കാരിനെ മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച അദ്ദേഹം പഞ്ചായത്തിരാജ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്നും പ്രശംസിച്ചു. തോമസ് ഐസകും വി.കെ.രാമചന്ദ്രനുമെല്ലാം നടത്തിയ പ്രയത്നങ്ങളെയും അദ്ദേഹം ഓര്‍ത്തെടുത്തു. മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍ ഊര്‍ജം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.
അതേസമയം, മണിശങ്കര്‍ അയ്യരുടെ പ്രശംസയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അയ്യര്‍ക്ക് കാലങ്ങളായി കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും തീര്‍ത്തും വ്യക്തിപരമായ അഭിപ്രായമാണ് അതെന്നും കോണ്‍ഗ്രസിന്‍റെ ദേശീയ വക്താവ് പവന്‍ ഖേര തുറന്നടിച്ചു. ജയറാം രമേഷും അയ്യരുടെ പ്രസ്താവനയെ തള്ളി. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കാന്‍ പോവുകയാണെന്നും കേരളത്തിലെ ജനങ്ങള്‍ അതിന് തയാറെടുത്തു കഴിഞ്ഞുവെന്നുമായിരുന്നു ജയറാം രമേഷിന്‍റെ വാക്കുകള്‍. അയ്യര്‍ക്ക് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് കെ.സി.വേണുഗോപാലും അധികാരസമയത്ത് കിട്ടാന്‍ ഉള്ളതെല്ലാം നേടിയെടുത്തയാളാണെന്ന് വി.ഡി.സതീശനും വിമര്‍ശിച്ചു. പിണറായി ഗാന്ധിയാണെന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.