മറാത്ത രാഷ്ട്രീയത്തിലെ പവര്‍ സെന്‍റര്‍. അജിത് പവാറിന്‍റെ പവറിനെ ചുരുക്കി അങ്ങിനെ പറയാം. തലമുറഭേദമില്ലാതെ മഹാരാഷ്ട്രയെ സ്വാധീനിച്ച രാഷ്ട്രീയക്കാരന്‍. സംസ്ഥാനത്ത് ഏറ്റവുമധികകാലം ഉപമുഖ്യമന്ത്രിയായിരുന്നു എന്നത് തന്നെ ആ സ്വാധീനത്തിന് തെളിവാണ്. ആര്‍ക്കും ഉള്‍ക്കൊള്ളാവുന്നായിരുന്നില്ല ബരാമതിയിലെ വിമാനദുരന്തത്തില്‍ അജിത്തും ഉള്‍പ്പെട്ടെന്ന വാര്‍ത്ത. അജിത്തിന്‍റെ വേര്‍പാട് ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കുന്ന ശുന്യത ചെറുതല്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) രണ്ട് വിഭാഗങ്ങളിലും വലിയ അനിശ്ചിതത്വത്തിലേക്കാവും ആ വേര്‍പാട് കൊണ്ടുചെന്നെത്തിക്കുക. Also Read: വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു
Rescue work underway after an aircraft carrying Maharashtra Deputy Chief Minister Ajit Pawar crashed during landing, at Baramati in Pune district, Maharashtra, Wednesday, Jan. 28, 2026. Pawar, along with three others on board, was killed in the crash. (PTI Photo)
മാറാത്താ രാഷ്ട്രീയത്തില്‍ അനിതരസാധാരണമായ മെയ് വഴക്കത്തിലൂടെ ബിജെപി കോണ്‍ഗ്രസ് മുന്നണികളില്‍ എന്‍സിപിയെ നിര്‍ണായക ശക്തിയാക്കി നിലനര്‍ത്താന്‍ അജിത്തിന് കഴിഞ്ഞു. പൃഥ്വിരാജ് ചവാൻ, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളിൽ ആറുതവണ ഉപമുഖ്യമന്ത്രിപദം അലങ്കിച്ചത് തന്നെ അതിന് തെളിവാണ്.
ഇന്ന് ഫഡ്നാവിസ് സര്‍ക്കാറിലെ നിര്‍ണായക ശക്തിയാണ് എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരവുമുള്ള ശരത്പവാര്‍ പക്ഷം. ബിജെപി, ശിവസേന( ഏക്നാഥ് ഷിൻഡെ), അജിത് പവാറിന്‍റെ എൻസിപി എന്നിവ ചേർന്ന മഹായുതി സർക്കാരിന് അജിത്തിന്‍റെ വിയോഗം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. 41 എന്‍സിപി എംഎല്‍എമാരുള്ളതിനാല്‍ നിലവിലെ സർക്കാരിന്‍റെ നിലയില്‍ പരുങ്ങലില്ല. എന്നാല്‍ അനിഷേധ്യ നേതാവിന്‍റെ അഭാവം പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
അമ്മാവനായ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി പിളര്‍ത്തിയാണ് അജിത് പവാര്‍ മഹായുതി സഖ്യത്തിനൊപ്പം ചേര്‍ന്നത്. അംഗബലമുള്ളതിനാല്‍ അജിത് ഫഡ്നാവിസ് സര്‍ക്കാറിന്റെ ഭാഗവുമായി. അതേസമയം സമീപകാലത്ത് ശരദ് പവാറുമായി ഒന്നിച്ചേക്കുമെന്ന തരത്തിലും ചില വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിച്ചതും അതിന്‍റെ സൂചനയായിരുന്നു. എന്‍സിപിയിലെ രണ്ടു വിഭാഗങ്ങളും വീണ്ടും ഒന്നാകുമെന്നും അജിത് പവാര്‍ മഹാവികാസ് അഘാടിയിലേക്ക് തിരിച്ചെത്തുമെന്നും ശിവസേന(യുബിടി) നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞത് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ്.
പവാറിന്റെ മരണത്തോടെ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. എന്‍സിപിയില്‍ നിന്നും അടുത്ത ഉപമുഖ്യമന്ത്രിയാരാകും? രണ്ട് വിഭാഗങ്ങളും ലയിക്കുമോ? അജിത് പവാര്‍ വിഭാഗത്തിന് ഒറ്റയ്ക്ക് നില്‍ക്കാനാവുമോ? അതല്ലെങ്കില്‍ അംഗങ്ങളെ മറ്റ് പാര്‍ട്ടികള്‍ കൈക്കലാക്കുമോ?
രാജ്യസഭാ കാലാവധി കഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ച ശരദ് പവാറിനു ശേഷം പാര്‍ട്ടിയുടെ മുഖങ്ങളായി ഉണ്ടായിരുന്നത് അജിത് പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയുമാണ്. അജിതിന്റെ അപ്രതീക്ഷിത വിയോഗം പാര്‍ട്ടി നേതൃത്വത്തില്‍ എന്തുമാറ്റമുണ്ടാക്കിയേക്കുമെന്ന് കണ്ടറിയാം.