വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. അജിത് പവാറിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണെന്ന് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.
ഹൃദയഭേദകമായ വാർത്തയാണ് രാവിലെ തന്നെ ശ്രവിക്കേണ്ടി വന്നത്. തന്റെ ചിരകാല സുഹൃത്ത് ആയിരുന്നു അജിത് പവാർ എന്നും ചെന്നിത്തല കുറിച്ചു. എൻഎസ്‌യു അധ്യക്ഷനായിരുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധയുണ്ടായിരുന്നു. അതിനു ശേഷം അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു. അദ്ദേഹം എൻസിപി നേതാവായിരുന്ന കാലത്തും ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം പഴയത് പോലെ തുടർന്നു എന്നും ചെന്നിത്തല കുറിച്ചു.
മഹാരാഷ്ട്രയുടെ ചുമതല എഐസിസി തനിക്ക് നൽകിയപ്പോൾ ഒരുപാട് തവണ അദ്ദേഹവുമായി ഒരുമിച്ചിരിക്കേണ്ട അവസരങ്ങൾ ഉണ്ടായി. രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നും ചെന്നിത്തല അനുസ്മരിച്ചു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്
ഹൃദയഭേദകമായ വാർത്തയാണ് രാവിലെ തന്നെ ശ്രവിക്കേണ്ടി വന്നത്. എന്റെ ചിരകാല സുഹൃത്ത് അജിത് പവാർ വിമാനപകടത്തിൽ നിര്യാതനായ വിവരം നടുക്കുന്നതായിരുന്നു. ഞാൻ എൻ എസ് യു അധ്യക്ഷനായിരുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധയുണ്ടായിരുന്നു. അതിനു ശേഷംഅഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തും അജിത് പവാറും അദ്ദേഹത്തിന്റെ കുടുംബവുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു. പിന്നീട് അദ്ദേഹം എൻ സി പി നേതാവായിരുന്ന കാലത്തും ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം പഴയത് പോലെ തുടർന്നു.
മഹാരാഷ്ട്ര യുടെ ചുമതല എ ഐ സി സി എനിക്ക് നൽകിയപ്പോൾ എത്രയോ തവണ അദ്ദേഹവുമായി ഒരുമിച്ചിരിക്കേണ്ട അവസരങ്ങൾ ഉണ്ടായി. രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലെ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ ആഘാതം താങ്ങാൻ ഉള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.