ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കേരള നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം. അനൈക്യത്തിന്‍റെ സ്വരം പുറത്തുവരുന്നത് സാധ്യതകളെ ബാധിക്കുമെന്ന് നേതൃത്വം ഓര്‍മിപ്പിച്ചു. സ്ഥാനാര്‍ഥികളും പ്രചാരണതന്ത്രങ്ങളും സംബന്ധിച്ച ആദ്യഘട്ട ആശയങ്ങള്‍ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാരുടെ മല്‍സരമടക്കം വിഷയങ്ങള്‍ ഡല്‍ഹി ചര്‍ച്ചയില്‍ വിഷയമായില്ല.
നേതൃത്വത്തിലെ അനൈക്യമെന്ന മാധ്യമവാര്‍ത്തകളാണ് നിലവില്‍ കേരളത്തിലെ ഏക വെല്ലുവിളിയെന്ന് ദേശീയനേതൃത്വം ഓര്‍മിപ്പിച്ചു. അതിനാല്‍ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഘടകകക്ഷികളുമായുള്ള ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷ നേതാവ് നയിക്കുന്ന ''പുതുയുഗയാത്ര''യില്‍ തന്നെ പരമാവധി സ്ഥാനാര്‍ഥികളെ അവതരിപ്പിക്കാനാണ് ശ്രമം.
ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ചര്‍ച്ചയും ഉടന്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാര് എന്നതില്‍ തീരുമാനം വൈകില്ല. സണ്ണി ജോസഫ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെങ്കിലും പിസിസി പ്രസിഡന്‍റിന്‍റെ ചുമതല കൈമാറിയേക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉള്ളതിനാലാണ് ശശി തരൂര്‍ എത്താത്തതെന്ന് കെ.സി.വേണുഗോപാല്‍ യോഗത്തെ അറിയിച്ചു. ദേശീയനേതൃത്വം ഏറെ പ്രതീക്ഷയോടെ നേക്കിക്കാണുന്ന കേരളത്തിലെ പ്രചാരണത്തിന് രാഹുല്‍ഗാന്ധിയടക്കം ദേശീയ നേതാക്കള്‍ അടുത്തമാസം സജീവമാകും.