നഗരം ഇളക്കി മറിച്ച പ്രചാരണത്തിനൊടുവില്‍ ബി.എം.സി ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. 3 കോടി 48 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. രാജ്യത്തെ ഏറ്റവും സമ്പന്ന കോർപറേഷനായ മുംബൈ ആരു പിടിക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ആകാംക്ഷ ഉണർത്തുന്ന ചോദ്യം.

രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയാണ് ബിഎംസി. സ്വന്തം തട്ടകത്തിൽ ശിവസേനയെ പിടിച്ചു നിർത്തിയിരുന്നത് 75,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള മുംബൈ കോർപറേഷന്റെ ഭരണമാണ്. എന്നാൽ, ശിവസേനയിലെ ഒരു വിഭാഗം ബിജെപിക്കൊപ്പം പോയതോടെ ഈ തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഏക്നാഥ് ഷിൻഡെ വിഭാഗം ബിജെപിയുമായി ചേർന്ന് ഉദ്ധവിന്റെ സേനയ്ക്കു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അതു പ്രതിരോധിക്കാൻ ഉദ്ധവ് വിഭാഗം, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായി സഖ്യമുണ്ടാക്കി. 20 വർഷത്തെ പിണക്കം മറന്ന ഇരുവരും താക്കറെബ്രാൻഡ് ഉയർത്തിക്കാട്ടി മറാഠി വോട്ടുകൾ ഏകീകരിക്കാനാണു ശ്രമിക്കുന്നത്.

അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് മുംബൈയിൽ ഒറ്റയ്ക്കു മത്സരിക്കുന്നത് ഉദ്ധവിനു ക്ഷീണമാകും. ദലിത് നേതാവായ പ്രകാശ് അംബദ്കറുടെ പാർട്ടിയുമായാണു കോൺഗ്രസിന്റെ സഖ്യം. എൻഡിഎ സഖ്യകക്ഷിയായ എൻസിപി അജിത് വിഭാഗവും മുംബൈയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. എന്നാൽ, പൂനെയിൽ ബിജെപിക്കെതിരെ ശരത് പവാറിനൊപ്പം ചേർന്ന് മത്സരിക്കുന്നു. എട്ടു വർഷങ്ങൾക്കു മുമ്പ്, 2017ലായിരുന്നു ഇതിനു മുൻപ് മുംബൈയിൽ കോർപറേഷൻ തിരഞ്ഞെടുപ്പ് നടന്നത്. 

ENGLISH SUMMARY:

Maharashtra municipal elections are happening today. With 34.8 million voters casting their ballots, the focus is on Mumbai and whether Shiv Sena can retain control amid challenges from BJP and internal divisions.