ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ വിജയ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങുന്നത് ഒരു മലയാളിയാണ്. തൃശ്ശൂർ സ്വദേശിയായ ജഗദീഷ് തൈവളപ്പിൽ ഇത് രണ്ടാം തവണയാണ് ബിഎംസി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വാർഡിൽ വിളിപ്പുറത്തുള്ള അംഗമെന്ന നിലയിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണു ധാരാവിക്കാരുടെ ജഗദീഷ് ഭായ്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് 40 വർഷം മുൻപാണു ജീവിതം കെട്ടിപ്പടുക്കാൻ തൊഴിൽ തേടി മുംബൈയിലെത്തിയത്. ജീവിതം പച്ചപിടിച്ചപ്പോൾ സുഹൃത്തുക്കളുടെ താല്പര്യത്തിന് വഴങ്ങി രാഷ്ട്രീയത്തിലുമിറങ്ങി. 3 പതിറ്റാണ്ടായി സാമൂഹിക-രാഷ്ട്രീയ രംഗത്തു സജീവമാണ്. 2017ൽ ശിവസേനയുടെ സ്ഥാ നാർഥിയായി ബി.എം.സിലേക്ക് മത്സരിച്ചപ്പോൾ 680 വോട്ടുകൾക്കായിരുന്നു വിജയം. ബിജെപി, ഷിൻഡെ വിഭാഗത്തിൽ നിന്നും വലിയ സാമ്പത്തിക പ്രലോഭനങ്ങളുണ്ടായപ്പോഴും ഉദ്ധവിനൊപ്പം ആത്മാർത്ഥമായി ഉറച്ചുനിന്നു. വാർഡിൽ പൂർത്തിയാക്കിയ വികസനപദ്ധതികൾ വോട്ടായി മാറുമെന്നാണ് ജഗദീഷിന്റെയും സഹപ്രവർത്തകരുടെയും പ്രതീക്ഷ. 52,000 വോട്ടർമാരുള്ള വാർഡിൽ പ്രധാന എതിരാളി ബിജെപിയാണ്.