കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ നിന്ന് കടന്നുവന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി മാറിയെന്ന് രേവന്ത് റെഡ്‌ഡി എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനുള്ള മറുപടിയാണിതെന്നാണ് പോസ്റ്റിലെ പ്രതികരണങ്ങൾ.  

സോണിയ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സേവനം, പ്രതിബദ്ധത, ധാർമ്മികത, മൂല്യങ്ങൾ എന്നിവ നമുക്ക് കണ്ടെത്താൻ കഴിയും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ, തെലങ്കാനയിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്ന് പൊതുജീവിതം ആരംഭിച്ച ശ്രീ പി.വി. നരസിംഹറാവു റാവുവിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ സാധിച്ചു. ഡോ. മൻമോഹൻ സിങ് ജിയെപ്പോലുള്ള ഒരു സാമ്പത്തിക വിദഗ്ധനെയും സോണിയ ഗാന്ധി പ്രധാനമന്ത്രിയാക്കി എന്നും പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആർഎസ്എസ്) സംഘടനാ ശക്തിയെ പ്രശംസിച്ചിരുന്നു. ഒരു കസേരയിൽ ഇരിക്കുന്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ അടുത്ത് തറയിൽ ഇരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, 'ഒരിക്കൽ നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്നു, പിന്നീട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനയുടെ ശക്തി' എന്നായിരുന്നു ദിഗ്‌വിജയ സിങ് കുറിച്ചത്. ദിഗ്‌വിജയയുടെ പോസ്റ്റ്  ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

'കോൺഗ്രസ്... ഇന്ത്യയിലെ ജനങ്ങൾക്ക് ഒരു ശക്തിയായി പിറന്നത് 140 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ്.  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ കഥയാണ്. ശ്രീമതി സോണിയഗാന്ധി ജിയുടെ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സേവനം, പ്രതിബദ്ധത, ധാർമ്മികത, മൂല്യങ്ങൾ എന്നിവ നമുക്ക് കണ്ടെത്താൻ കഴിയും.

ശ്രീമതി സോണിയഗാന്ധി ജിയുടെ നേതൃത്വത്തിൽ, തെലങ്കാനയിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്ന് പൊതുജീവിതം ആരംഭിച്ച ശ്രീ പി.വി. നരസിംഹറാവു റാവുവിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ സാധിച്ചു. ഡോ. മൻമോഹൻ സിങ് ജിയെപ്പോലുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനെയും ശ്രീമതി സോണിയ ഗാന്ധി ജി പ്രധാനമന്ത്രിയാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുന്നത് മുതൽ ഭരണഘടന രൂപപ്പെടുത്തുന്നത് വരെ, ജനാധിപത്യ സ്ഥാപനങ്ങൾ നിർമ്മിക്കുന്നത് മുതൽ വൈവിധ്യമാർന്ന ഒരു രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നത് വരെ, ആധുനിക ഇന്ത്യയുടെ ഓരോ നിർണായക അധ്യായത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്' - എന്നായിരുന്നു രേവന്തിന്റെ പോസ്റ്റ്. 

ENGLISH SUMMARY:

Sonia Gandhi is praised by Telangana Chief Minister Revanth Reddy for her leadership. Reddy highlighted how PV Narasimha Rao, who came from a village in Telangana, became Prime Minister under Sonia Gandhi's leadership.