ഫയല്‍ ചിത്രം
ആര്‍എസ്എസ് സംഘടന മാതൃക ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ശാക്തീകരിക്കണമെന്ന മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഗോഡ്സെ ആശയങ്ങള്‍ നയിക്കുന്ന സംഘടനയില്‍ നിന്നൊന്നും കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനില്ലെന്ന് വലിയ വിഭാഗം നേതാക്കള്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസിനെ ശാക്തീകരിക്കേണ്ടത് അനിവാര്യതയാണെന്നും ആര്‍എസ്എസ് സംഘടന മാതൃക സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ശശി തരൂര്‍ അടക്കമുള്ള നേതാക്കളുടെ പ്രതികരണം.
ആർ.എസ്.എസിന്റെ സംഘാടന പാടവം അഭിനന്ദനാര്‍ഹമാണെന്നും രജിസ്റ്റർ ചെയ്യപ്പെടാത്ത സംഘടനയാണ് ഇത്രയധികം ശക്തമായിരിക്കുന്നത് എന്നും ആവര്‍ത്തിക്കുകയാണ് ദിഗ്വിജയ് സിങ്. കോൺഗ്രസിന് ഇനിയും ശക്തിപ്പെടാൻ സമയമുണ്ടെന്നും അതിനുള്ള ഇടം ഉണ്ടാകണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെടുമ്പോള്‍ രണ്ട് പക്ഷമായി തിരിഞ്ഞ് വാഗ്വാദത്തിലാണ് പാര്‍ട്ടി നേതാക്കള്‍. നേരത്തെ പാര്‍ട്ടില്‍ രൂപപ്പെട്ട ജി 23 അംഗങ്ങളായിരുന്ന ശശി തരൂരും ടിഎസ് സിങ് ദേവും അനുകൂലിച്ചെത്തി.
വിദ്വേഷവും ഗോഡ്സെ ആശയങ്ങളും തുടരുന്ന ആര്‍എസ്എസില്‍ എന്ത് ഉള്‍ക്കൊള്ളാനാണെന്നും 140 വര്‍ഷത്തെ പോരാട്ട ചരിത്രമുള്ള കോൺഗ്രസില്‍ നിന്ന് ആര്‍എസ്എസ് ആണ് പഠിക്കേണ്ടതെന്നുമാണ് മറ്റ് നേതാക്കളുടെ മറുപടി
പ്രതികരിച്ച് പ്രശ്നം രൂക്ഷമാക്കരുത് എന്ന നിര്‍ദേശം നേതൃത്വം താഴേ തട്ടിലേക്ക് നല്‍കിയിട്ടുണ്ട്. രാജ്യസഭാ കാലാവധി അവസാനിക്കാറായതും മധ്യപ്രദേശ് പുനസംഘടനയിലെ അതൃപ്തിയുമാണ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് സൂചന.