ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 140 വയസ്സ്. സ്വാതന്ത്ര്യസമര പൈതൃകമുള്ള പാർട്ടി, ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത പ്രസ്ഥാനം. എന്നാൽ 2025 പിന്നിടുമ്പോൾ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ തന്നെ വലിയ രാഷ്ട്രീയ വെല്ലുവിളികളെയാണ്.
1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ തുടങ്ങിയ ചെറിയ കൂട്ടായ്മ. പിന്നീടത് ഇന്ത്യൻ ജനാധിപത്യ ചരിത്രം തിരുത്തിക്കുറിച്ച വടവൃക്ഷമായി. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിക്കൊടുത്തതിൽ അവസാനിച്ചില്ല..ദരിദ്രമായിരുന്ന രാജ്യത്തെ ആണവശക്തിയായും ഐടി ഹബ്ബായും മാറ്റി. മതേതരത്വം ഭരണഘടനയുടെ ഭാഗമാക്കിയതും,, തൊഴിലുറപ്പും വിവരാവകാശവും അടക്കം വിപ്ലവകരമായ പദ്ധതികൾ കൊണ്ടുവന്നതും കോൺഗ്രസ് ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങൾ. എല്ലാം കൊണ്ടും ചരിത്രം കോൺഗ്രസിന് അനുകൂലo. വർത്തമാനകാലം ദുർഘടമേറിയതാണ്.
2014-ലെ തോൽവിക്ക് ശേഷം പ്രതാപം വീണ്ടെടുക്കാനായിട്ടില്ല. സംഘടന ദൗർബല്യം, ആശയവിനിമയത്തിലെ പോരായ്മകൾ, മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് എന്നിവ പാർട്ടിയെ തളർത്തി. ഹിന്ദി ഹൃദയഭൂമിയിൽ സ്വാധീനം നഷ്ടപ്പെട്ടത് തളർച്ചയുടെ ക്ഷീണം ഇരട്ടിയാക്കി. തിരിച്ചടികൾക്കിടയിലും ഇന്ത്യയിലെ ഏക പാൻ-ഇന്ത്യൻ പ്രതിപക്ഷ പാർട്ടി കോൺഗ്രസ് തന്നെ. ഭാരത് ജോഡോ യാത്രകൾ നൽകിയ ഊർജ്ജവും, ദക്ഷിണേന്ത്യയിലെ ശക്തമായ സാന്നിധ്യവും ആത്മവിശ്വാസമാണ്. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കെതിരെ മതേതരത്വ ബദൽ മുദ്രാവാക്യം ഉയർത്താൻ കോൺഗ്രസിനേ കഴിയൂ എന്ന് ഇന്ത്യ സഖ്യവും വിശ്വസിക്കുന്നു. താഴെത്തട്ടിൽ സംഘടനാ സംവിധാനം അടിമുടി ഉടച്ചുവാർക്കുക, യുവാക്കളെ ആകർഷിക്കുക, നഷ്ടപ്പെട്ട വോട്ട് ബാങ്കുകൾ തിരിച്ചുപിടിക്കുക എന്നിങ്ങനെ 140-ാം വയസ്സിൽകോൺഗ്രസിന് വെല്ലുവിളികൾ ഏറെ..