ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗ്‌വത്. ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നത് വരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ആർഎസ്‌എസ് 100 വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ഈ പ്രസ്താവന.
‘കിഴക്ക് സൂര്യൻ ഉദിക്കുന്നു. ഇത് എപ്പോൾ മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് നമുക്കറിയില്ല. അപ്പോൾ അതിനും നമുക്ക് ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. ഇന്ത്യയിലെ പൂർവികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഹിന്ദുസ്ഥാന്‍റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിൻ്റെ പ്രത്യയശാസ്ത്രം’ മോഹൻ ഭഗ്‌വത് പറഞ്ഞു.
ആർഎസ്എസ് ഇസ്ലാമികവിരുദ്ധമാണെന്ന തെറ്റായ കാഴ്ചപ്പാട് ഇല്ലാതാക്കാൻ ആളുകൾക്ക് അടുത്തുള്ള ശാഖകൾ സന്ദർശിക്കാമെന്നും ആർഎസ്‌എസ് മേധാവി പറഞ്ഞു. ഈ സംഘടന മുസ്ലീം വിരുദ്ധരല്ലെന്ന് ആളുകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഭഗ്‌വത് പറഞ്ഞു.