ഫയല്‍ ചിത്രം

Shiv Sena chief Eknath Shinde, BJP leader Devendra Fadnavis and NCP chief Ajit Pawar (File Image)

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 207 മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങളുമായി ബിജെപി, ശിവസേന, എൻസിപി സഖ്യമായ മഹായുതിക്ക് വന്‍ വിജയം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്തിമ കണക്കുകള്‍ പ്രകാരം ബിജെപി 117 മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങളും ഏകനാഥ് ഷിൻഡെയുടെ ശിവസേന 53 ഉം, അജിത് പവാർ പക്ഷം എൻസിപി 37  മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങളും നേടി. 117 സീറ്റുകൾ നേടിയ ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

അതേസമയം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 44 ലേക്ക് ചുരുങ്ങി. കോൺഗ്രസ് 28 ഉം, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) ഏഴും, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) ഒന്‍പതും അധ്യക്ഷ സ്ഥാനങ്ങളാണ് നേടിയത്. അഞ്ച് സീറ്റുകൾ സ്വതന്ത്രർ നേടിയിട്ടുണ്ട്. മറ്റ് സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. 264 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് ഡിസംബർ 2, 20 തീയതികളിലായി രണ്ട് ഘട്ട വോട്ടെടുപ്പ് നടന്നത്.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലുമുള്ള ജയം ഭരണകക്ഷിയായ മഹായുതിക്കൊപ്പം തന്നെയാണ് ജനമെന്ന് തെളിയിക്കുന്നതാണ്. പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള മോദിയുടെയും എൻ‌ഡി‌എ സർക്കാരിന്‍റെയും ദീര്‍ഘവീക്ഷണത്തിനുള്ള ജനങ്ങളുടെ അനുഗ്രഹമാണ് വിജയമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നന്ദി പറഞ്ഞു. വികസന രാഷ്ട്രീയത്തിന്റെ വിജയമെന്നാണ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. ബിജെപിയിലും മഹായുതിയിലും വിശ്വാസമർപ്പിച്ച മഹാരാഷ്ട്രയിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭരണകൂടത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന അജണ്ടയുമാണ് മഹായുതിയെ വിജയത്തിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു.

അതേസമയം, കാർഷിക പ്രതിസന്ധി, സ്ത്രീകൾക്കായുള്ള ക്ഷേമ പദ്ധതി തുക ഭാഗികമായി നൽകിയത്, സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതികൾ എന്നിവയുടെ പശ്ചാത്തലത്തിൽ, പ്രതിപക്ഷം ശക്തമായ തിരഞ്ഞെടുപ്പില്‍ പോരാട്ടം കാഴ്ചവയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലമുണ്ടായില്ല. പ്രചാരണത്തിൽ കൃത്യമായ ഏകോപനത്തിന്റെ കുറവ് പ്രതിപക്ഷത്ത് പ്രകടമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

The BJP-Shiv Sena-NCP alliance (Mahayuti) has secured a landslide victory in the Maharashtra local body elections, winning 207 out of 286 municipal chief posts. BJP leads with 117 seats, followed by Shinde's Shiv Sena (53) and Ajit Pawar's NCP (37). The opposition Maha Vikas Aghadi (MVA) managed only 44 seats. PM Modi and Amit Shah hailed the result as a victory for development politics. Explore the detailed seat share and reactions.