പാര്‍ലമെന്‍റ് സമ്മേളനത്തിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനത്തെച്ചൊല്ലി സിപിഎം-കോണ്‍ഗ്രസ് വാക്പോര്. കരിനിയമങ്ങൾ ദോശ പോലെ ചുട്ടെടുക്കുമ്പോള്‍ എതിര്‍ക്കാന്‍ സഭയിൽ പ്രതിപക്ഷ നേതാവുണ്ടാകണമായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ബ്രിട്ടാസിന്‍റെ വിമര്‍ശനം അന്തര്‍ധാരയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
പുതിയ തൊഴിലുറപ്പ് ബില്‍, ആണവോര്‍ജ ബില്‍ തുടങ്ങി പ്രധാന ബില്ലുകള്‍ ചര്‍ച്ചചെയ്യുമ്പോളും പാസാക്കുമ്പോളും എതിര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിലില്ലാത്തതിലാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. ശീതകാല സമ്മേളനത്തിനിടയില്‍ രാഹുല്‍ ഗാന്ധി വിദേശത്തുപോയതില്‍ കോൺഗ്രസ് എംപിമാർക്കുതന്നെ അത്യപ്തിയുണ്ടെന്നും ഇന്ത്യാസഖ്യ യോഗത്തിൽ ഡിഎംകെ എതിർപ്പറയിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി വിദേശത്തു പോകുന്നത് ബ്രിട്ടാസ് കാണുന്നില്ലേ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുചോദ്യം.
ഇന്ത്യാസഖ്യ യോഗത്തിൽ എതിർപ്പുയർന്നെന്ന വാദം എൻ.കെ.പ്രേമചന്ദ്രൻ എംപി തള്ളി. അതേസമയം, ശീതകാല സമ്മേളനം അവസാനിക്കുന്നതിനോടനുബന്ധിച്ച് സ്പീക്കര്‍ നടത്തിയ ചായസത്കാരത്തില്‍ എന്‍.കെ.പ്രേമചന്ദ്രനെ പ്രധാനമന്ത്രി പ്രശംസിച്ചു. ലോക്സഭയിലെ പ്രേമചന്ദ്രന്‍റെ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞപ്പോള്‍ പ്രേമചന്ദ്രനില്‍ നിന്നാണ് തങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.