മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേരു വെട്ടിയത് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പദ്ധതിയെ പരിഷ്കരിച്ച് വിബി–ജി റാം ജി എന്നാക്കാന്‍ തീരുമാനിച്ചതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. എന്നാല്‍ ഇതാദ്യമായല്ല പദ്ധതികളുടെ പേര് മോദി സര്‍ക്കാര്‍ 'പേരിന്' മാത്രം പരിഷ്കരിക്കുന്നതെന്നാണ് ചരിത്രം പറയുന്നത്. നീണ്ട പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിനാവട്ടെ ഇതിന്‍റെ ഒരു പട്ടിക തന്നെ കൈവശവുമുണ്ട്. 1975 മുതലിങ്ങോട്ട് 33 ലേറെ പദ്ധതികളുടെ പേര് കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ച് ഇല്ലാതെയാക്കിയെന്നാണ് കണക്കുകള്‍. പേരില്‍ ഇന്ദിരയെന്നോ രാജീവെന്നോ നെഹ്റുവെന്നോ ഉണ്ടെങ്കില്‍ ഉറപ്പായിട്ടും വെട്ടിയിരിക്കുമെന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഇനി മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ ഇന്ത്യയെന്നുള്ളിടമെല്ലാം ഭാരതമാകും. പേര് ഇംഗ്ളീഷിലെങ്കില്‍ അത് ഹിന്ദിയാകും
2012 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍മല്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിയാണ് പേരുമാറിയവയില്‍ ആദ്യത്തേത്. 2014 ല്‍ അധികാരമേറ്റതിന് പിന്നാലെ ഈ പദ്ധതിയുടെ പേര് 'സ്വച്ഛ് ഭാരത് മിഷന്‍' എന്നാക്കി മാറ്റി. അതേ വര്‍ഷം നാഷനല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍റെ പേര് 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന'യെന്ന് പേരുമാറി. യൂണിവേഴ്സല്‍ ഇമ്യുണൈസേഷന്‍ പ്രോഗ്രാം 'മിഷന്‍ ഇന്ദ്രധനുഷു'മായി. ഡയറക്ട് ബെനഫിറ്റ്സ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജഡി 'പഹല്‍' ആയും പരിഷ്കരിക്കപ്പെട്ടു.
2015 ല്‍ നാഷനല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷന്‍ 'ദീന്‍ ദയാല്‍ അന്ത്യോദയ യോജന'യെന്നും ആം ആദ്മി ബീമ യോജന 'പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന'യായും മാറി. നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ഭാരത്നെറ്റ് എന്നും നാഷനല്‍ മാനുഫാക്ചറിങ് പോളിസി 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുമായി പേരുമാറി. നാഷനല്‍ സ്കില്‍ ഡവലപ്മെന്റല്‍ പ്രോഗ്രാം സ്കില്‍ ഇന്ത്യയെന്നും ഫ്രീ എല്‍പിജി കണക്ഷന്‍ ടു ബിപിഎല്‍ ഫാമിലീസ് 'പ്രധാന്‍മന്ത്രി ഉജ്വല യോജന'യെന്നും പരിഷ്കരിക്കപ്പെട്ടു. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടാണ് ജന്‍ ധന്‍ യോജനയായത്. ഐസിഡിഎസിന് കീഴിലെ സേവനങ്ങള്‍ 'പോഷണ്‍ അഭിയാനാ'യും മാരിടൈം ഡവലപ്മെന്‍റ് പദ്ധതി 'സാഗര്‍മാല'യെന്നും നാഷനല്‍ ഇ–ഗവേണന്‍സ് 'ഡിജിറ്റല്‍ ഇന്ത്യ'യെന്നും രൂപമാറ്റം വന്നു.
തീര്‍ന്നില്ല, കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചതു പോലെ ഇന്ദിരയെന്നും രാജീവെന്നും പേരുള്ള പദ്ധതികളും പുതിയ പേരുകളിലായി. രാജീവ് ആവാസ് യോജന, 'പ്രധാന്‍ മന്ത്രി ആവാസ് യോജന'യെന്നും ഇന്ദിര ഗാന്ധി മാതൃത്വ സഹ്യോഗ് യോജന 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന'യെന്നും പേരുമാറി. രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുത്കിരണ് യോജന 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന'യെന്നും ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ 'അമൃതെ'ന്നും പരിഷ്കരിക്കപ്പെട്ടു.
പദ്ധതികള്‍ മാത്രമല്ല, ഡല്‍ഹിയിലെ റോഡുകളും ദേശീയ നിലവാരത്തിലേക്ക് പരിഷ്കരിക്കപ്പെട്ടു. റേസ് കോഴ്സ് റോഡ് ലോക് കല്യാണ്‍ മാര്‍ഗെന്ന് പേരുമാറിയത് 2016ലാണ്. രാജ്പഥ് 2022 ല്‍ കര്‍ത്തവ്യ പഥുമായി. 2024 ല്‍ തീരുമാനിക്കപ്പെട്ടതനുസരിച്ച് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്‍ ലോക് ഭവന്‍ എന്നോ ലോക് നിവാസെന്നോ പേരുമാറി. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ പേരുമാറ്റം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇനി പിഎംഒ കോംപ്ലക്സ് ' സേവാ തീര്‍ഥ്'' ആയിട്ടും അധിക കാലം ആയിട്ടില്ല.
എന്തിനാണീ പേരുമാറ്റം?
മോദിയുടേത് ഗെയിം ചെയ്ഞ്ചിങ് സര്‍ക്കാരല്ല, നെയിം ചെയ്ഞ്ചിങ് സര്‍ക്കാരാണെന്നായിരുന്നു ഒരിക്കല്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നത്. പേരുമാറ്റത്തിനാവട്ടെ ചില പാറ്റേണുകളും പ്രകടമാണ്. ഇംഗ്ലിഷില്‍ നിന്ന് ഹിന്ദിയിലേക്കുള്ളതാണ് ഒന്നാമത്തെ മാറ്റം. നെഹ്റു, ഇന്ദിര , രാജീവ് പേരുകള്‍ക്ക് പകരം ജനസംഘത്തിന്‍റെയും ബിജെപിയുടെയും നേതാക്കളുടെ പേരുകള്‍ ഒന്നിലധികം പദ്ധതികള്‍ക്ക് സ്വീകരിച്ചു. സ്ഥലനാമങ്ങള്‍ മാറ്റിയത് ജനകീയമായാണെന്ന് ബിജെപി വാദിക്കുമ്പോളും ഹൈന്ദവ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പേരുകളാണ് അവയെന്നതും വാസ്തവമാണ്. പേരുകളിലെ സാമ്രാജ്യത്വ വിധേയത്വത്തെ മാറ്റുകയും ദേശീയതയും രാജ്യത്തിന്‍റെ സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്നവയെ പ്രതിഷ്ഠിക്കുകയുമാണ് ലക്ഷ്യമെന്ന് ബിജെപി വാദിക്കുന്നു. പേര് പരിഷ്കരിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വരെ കോപ്പിയടിച്ചെന്നത് ചരിത്രം.