രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയെട്ടാം രക്തസാക്ഷിത്വ ദിനമാണിന്ന്. മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ദർശനങ്ങളെയും അടുത്തറിയാൻ സഹായിക്കുന്ന ഗാന്ധി ദർശൻ മ്യൂസിയത്തെക്കുറിച്ച് അറിഞ്ഞ് വരാം.
മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, ചമ്പാരൻ സത്യഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ദണ്ഡി മാർച്ച് എന്നീ ചരിത്രസംഭവങ്ങളെ അടുത്തറിയാം ഗാന്ധി ദര്‍ശന്‍ മ്യൂസിയത്തില്‍.
ദണ്ഡി മാർച്ചിൽ ഗാന്ധിജി മഹി നദി മുറിച്ചുകടന്ന നൗക, ഗാന്ധിജിയുടെ ഭൗതിക ശരീരം രാജ്ഘട്ടിലേക്ക് കൊണ്ടുപോയ വാഹനം, ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴുള്ള ബെഞ്ച്. യേര്‍വാഡ ജയിലില്‍ കഴിയുമ്പോള്‍ ഗാന്ധിജി ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്.
കൊളംബിയൻ സംഗീതജ്ഞന്‍ സീസർ ലോപ്പസ് ഒരു എകെ-47 തോക്ക് ഗിറ്റാറാക്കി മാറ്റിയിരുന്നു. സമാധാനത്തിന്‍റെ പ്രതീകമായ ഈ ഗിറ്റാറും ഇന്ന് ഗാന്ധി ദർശൻ മ്യൂസിയത്തിന്‍റെ ഭാഗമാണ്. 1969ലാണ് രാജ്ഘട്ടിന് സമീപം മ്യൂസിയം സ്ഥാപിച്ചത്. ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശനം.