TOPICS COVERED

ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട നിതിൻ നബിന്‍ അടുത്ത ദേശീയ അധ്യക്ഷനായേക്കും.  45–കാരനായ നിതിനെ സുപ്രധാന പദവിയിലെത്തിച്ചതിലൂടെ പാര്‍ട്ടിയിലെ  തലമുറമാറ്റംകൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.  അഞ്ചുതവണയായി ബിഹാറിലെ എംഎല്‍എയായ നിതിന്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറേ വോട്ടിനാണ് വിജയിച്ചത്.

ബിഹാറില്‍ രണ്ടാംതവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് നിതിന്‍ നബിന് അപ്രതീക്ഷിതമായി പുതിയ നിയോഗം.  ദേശിയ വര്‍ക്കിങ് പ്രസിഡന്‍റായി നിതിനെ നിയമിക്കാനുള്ള ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ തീരുമാനം തലമുറ മാറ്റത്തിന്‍റെ സന്ദേശവും നല്‍കുന്നു.  സംഘടനയില്‍ ഗണ്യമായ അനുഭവപരിചയമുള്ള ചെറുപ്പക്കാരനും കഠിനാധ്വാനിയുമെന്നാണ് അഭിനന്ദനക്കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിതിന്‍ നബിനെ വിശേഷിപ്പിച്ചത്.  നിതിന്‍റെ നിയമനം രാവും പകലും അധ്വാനിക്കുന്ന യുവാക്കളായ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണെന്ന് അമിത് ഷായും അവകാശപ്പെട്ടു.  

ബിഹാറിലെ മുതിർന്ന ബിജെപി നേതാവ്  നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ പിതാവിന്റെ മരണശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.  തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭയിലെത്തി.  ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്‌നയിലെ ബങ്കിപൂരില്‍നിന്ന് 52,000നടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം.  പത്തുവര്‍ഷമായി ആര്‍എസ്എസിലും സജീവം.  വര്‍ക്കിങ് പ്രസിഡന്‍റ് പദവിക്കുപിന്നാലെ ദേശിയ അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കാനുള്ള പ്രവര്‍ത്തന മികവ് നിതിനുണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.  ജെ.പി.നഡ്ഡയും  വര്‍ക്കിങ് പ്രസിഡന്‍റായതിനുശേഷമാണ് ദേശീയാധ്യക്ഷനായത്.  പദവിയില്‍ നഡ്ഡയുടെ മൂന്നുവര്‍ഷ കാലാവധി 2023ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും പരിഗണിച്ച് നീട്ടിനല്‍കുകയായിരുന്നു.  കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൂടികഴിഞ്ഞ നഡ്ഡ  സ്ഥാനമൊഴിയുമെന്നാണ് വിവരം.  

ENGLISH SUMMARY:

Nitin Nabin, a 45-year-old five-time MLA from Bihar, has been appointed as the BJP's National Working President and is widely speculated to become the party's next National President. This crucial elevation signals a generational shift within the BJP. Nabin, who won his recent election from Bankipur, Patna, with a majority of nearly 52,000 votes, was appointed to this post shortly after being sworn in as a state Minister for the second time.