തിരഞ്ഞെടുപ്പ് ക്രമക്കേടുകളും 'വോട്ട് ചോരി' ആരോപണങ്ങളും മുൻനിർത്തി ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്പോര്. തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഭരണ-പ്രതിപക്ഷ നേതാക്കൾ സഭയിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. കോൺഗ്രസിന്റെ 'വോട്ട് ചോരി' ആരോപണം വ്യാജമാണെന്ന് പറഞ്ഞ അമിത് ഷാ, നെഹ്റു കുടുംബത്തിനെതിരെ ചരിത്രപരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി.
തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമ്പോഴാണ് കോൺഗ്രസ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, 'വോട്ട് ചോരി' എന്ന നുണപ്രചാരണം നടത്തി രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. "ഒരു വീട്ടിൽ 500 വോട്ട് കണ്ടെത്തി" എന്നതുപോലുള്ള പരാതികൾ കേവലം സാങ്കേതിക പിഴവുകൾ മാത്രമാണ്. ഇതിനെ വോട്ട് കൊള്ളയായി ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ ലോകത്തിന് മുന്നിൽ മോശമായി കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകുമെന്നും ഷാ വ്യക്തമാക്കി.
ഷായുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സ്പീക്കർ അവസരം നൽകിയപ്പോൾ, ആഭ്യന്തരമന്ത്രി ഭയപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടപടി വൈകുന്നതെന്താണെന്ന് അദ്ദേഹം ചോദിച്ചു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും വോട്ട് കൊള്ളയെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.
എന്നാൽ, ചർച്ചയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയ അമിത് ഷാ, രാജ്യത്ത് ആദ്യമായി 'വോട്ട് കൊള്ള' നടത്തിയത് ജവഹർലാൽ നെഹ്റുവാണെന്ന് ആരോപിച്ചു. "നെഹ്റു പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണ്. അതിനുശേഷം ഇന്ദിരാഗാന്ധിയും തിരഞ്ഞെടുപ്പിൽ ജയിച്ചത് വോട്ട് കൊള്ള നടത്തിയാണ്," ഷാ പറഞ്ഞു. തുടർന്ന് അദ്ദേഹം സോണിയ ഗാന്ധിക്കെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചു. "ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും വോട്ട് ചെയ്യുകയും ചെയ്തു," എന്നായിരുന്നു ഷായുടെ ആരോപണം.
ഷായുടെ പരാമർശം സഭയിൽ വലിയ ബഹളത്തിന് ഇടയാക്കി. സോണിയ ഗാന്ധിക്കെതിരായ ആരോപണം തെറ്റായ വിവരമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. പൗരത്വം ലഭിക്കുംമുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്തുവെന്ന് തെളിയിക്കാൻ അദ്ദേഹം അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇവിഎമ്മോ വോട്ടർ പട്ടികയോ അല്ല, മറിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടാണ്. പരാജയപ്പെടുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ പതിവാണെന്നും ഷാ കുറ്റപ്പെടുത്തി.