അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ.എ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയില്‍ ചേർന്നേക്കും. ഇന്നലെ ചെന്നൈ പട്ടിണപ്പാക്കത്ത് വച്ച് സെങ്കോട്ടയ്യൻ ടിവികെ അധ്യക്ഷൻ വിജയ്, ജനറൽ സെക്രട്ടറി എൻ.ആനന്ദ്, തിരഞ്ഞെടുപ്പ് വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുന തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. എംജിആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ചിട്ടുള്ള സെങ്കോട്ടയ്യൻ എത്തുന്നത് ടിവികെയുടെ കരുത്ത് കൂട്ടും.
അഞ്ച് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പാരമ്പര്യം. എംഎൽഎ ആയും മന്ത്രി ആയും പരിചയസമ്പത്ത്. എംജിആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ച സെങ്കോട്ടയ്യൻ ടിവികെയില്‍ ഇന്ന് ചേരുമെന്നാണ് റിപ്പോർട്ട്. ഇന്നലെ എംഎൽഎ സ്ഥാനം രാജി വച്ചിരുന്നു. ഓർഗനൈസിങ് സെക്രട്ടറി ഉൾപ്പെടെയുള്ള വലിയ പദവികൾ തന്നെ ടി വി കെ നൽകുമെന്നാണ് സൂചന. ജനറൽ സെക്രട്ടറി എൻ ആനന്ദ് ഒഴികെ, വലിയ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന ആരും തന്നെ നിലവിൽ ടിവി കെയുടെ തലപ്പത്തില്ല. അവിടേക്ക് സെങ്കോട്ടയ്യൻ എത്തുന്നത് പാർട്ടിയുടെ കരുത്ത് കൂട്ടും.
തമിഴ്നാട്ടിലെ കൊങ്കുനാട് മേഖലയിൽ ശക്തമായ സ്വാധീനമുള്ളയാളാണ് സെങ്കോട്ടയ്യൻ. ഇവിടെ സീറ്റുകൾ ലഭിയ്ക്കാൻ സെങ്കോട്ടയ്യന്റെ നേതൃത്വം സഹായകരമാകും. സെങ്കോട്ടയ്യനൊപ്പം മറ്റു ചിലർ കൂടി ടിവികെയിൽ എത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആണ് സെങ്കോട്ടയ്യനെ അണ്ണാ ഡിഎംകെയില് നിന്ന് പുറത്താക്കിയത്.