കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തല്‍ക്കാലം തുടരും. കേരളത്തില്‍ 99 ശതമാനം വോട്ടര്‍മാര്‍ക്കും എസ്.ഐ.ആര്‍ ഫോമുകള്‍ ലഭിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. 

എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും തദ്ദേശതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് കമ്മീഷന്‍റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കുറച്ച് ബിഎല്‍ഒ മാരെ മാത്രമെ ആവശ്യമുള്ളൂ എന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു. എസ്ഐആറിനെതിരായ ഹര്‍ജികള്‍ ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബഗച്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഡിസംബര്‍ ഒന്നിന് സത്യവാങ്മൂലം  സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പത്, 11 തീയതികളിലാണെന്നും വിഷയം പെട്ടന്ന് പരിഹരിക്കണമെന്നും സിപിഎമ്മിന് വേണ്ടിഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എസ്ഐആറിനെ എതിര്‍ക്കുന്നില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളത്തിന്‍റെയും സംസ്ഥാനത്ത് നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. നേരത്തെ എസ്ഐആര്‍ നിര്‍ത്തിവെയ്ക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോട് സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Kerala Voter List Revision is currently ongoing. The Election Commission has informed the Supreme Court that 99% of voters in Kerala have received SIR forms.