വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. സേലത്ത് അടുത്തമാസം യോഗം നടത്താൻ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. കാർത്തിക ദീപവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കേണ്ടതിനാൽ അനുമതി നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായതോടെയാണ് വിജയ്ക്ക് സംസ്ഥാനപര്യടനം നിർത്തിവയ്ക്കേണ്ടി വന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയപാർട്ടികളുടെ റാലിക്ക് പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടി ടിവികെ പ്രവർത്തകർ പൊലീസിനെ സമീപിച്ചത്. 

സേലത്ത് ഡിസംബർ നാലിന് യോഗം നടത്താനായിരുന്നു തീരുമാനം. ഇന്ന് രാവിലെയാണ് ടിവികെ പ്രവർത്തകർ പൊലീസിന് നിവേദനം നൽകിയത്. കാർത്തിക ദീപവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കേണ്ടതിനാൽ അനുമതി നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു തീയതി കാണിച്ച് പാർട്ടി വീണ്ടും പൊലീസിനെ സമീപിച്ചേക്കും. ആഴ്‌ചയിൽ നാല് യോഗം വീതം നടത്താനാണ് ടിവികെയുടെ തീരുമാനം.

ENGLISH SUMMARY:

Vijay's political tour is set to restart amidst challenges. Permission for the Salem meeting was denied due to security concerns related to the Karthigai Deepam festival.