കര്‍ണാടകയില്‍ നേതൃമാറ്റത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണന്നു പരസ്യമായി പ്രഖ്യാപിച്ച ഡി.കെയ്ക്ക് പക്ഷേ കൂടിക്കാഴ്ചയ്ക്കു പോലും അവസരം നിഷേധിച്ചിരിക്കുയാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടാമെന്ന ഉറപ്പിലാണു സിദ്ധരാമയ്യ നേതൃത്വത്തിലെത്തിയതെന്നാണ് അധികാരമേറ്റ അന്നു മുതല്‍ ഡി.കെ. ശിവകുമാര്‍ വിഭാഗം പ്രചരിപ്പിക്കുന്നത് . സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഡി.കെയുടെ പുതിയ സമ്മര്‍ദ്ദം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണന്നു പരസ്യമായി പ്രഖ്യാപിച്ചു. ഒരു പദവിയില്‍ ഒരാള്‍ കുറേകാലം തുടരുന്നതു നല്ലതല്ലെന്ന ഇരുതല മൂര്‍ച്ചയുള്ള ന്യായമാണ് ഇതിനായി ഉയര്‍ത്തുന്നത്
നേതൃമാറ്റം ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രിക്ക് രാഹുല്‍ഗാന്ധിയടക്കമുള്ളവരെ കാണാനായിരുന്നില്ല. ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കായതിനാല്‍ നേതൃമാറ്റം വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്.