**EDS: FILE IMAGE** New Delhi: This combo image shows Nitish Kumar taking oath as Bihar Chief Minister for the past nine terms. (PTI Photo) (PTI11_14_2025_000324B)

ന്ത്യയില്‍ ഒരേയൊരു ലോകാദ്ഭുതമേ ഉള്ളു.. താജ്മഹല്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള നേതാവ് ആരെന്ന് ചോദിച്ചാലും ഒറ്റ ഉത്തരമേയുള്ളു. നിതീഷ് കുമാര്‍! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്. ഏറ്റവും കൂടുതല്‍ കാലം ബിഹാര്‍ ഭരിച്ച മുഖ്യമന്ത്രി. ഏറ്റവും കൂടുതല്‍ തവണ മുന്നണി മാറിയ മുഖ്യമന്ത്രി. ഭൂരിപക്ഷം പോയിട്ട് അതിന്‍റെ മൂന്നിലൊന്ന് സീറ്റുകള്‍ മാത്രം വിജയിച്ചിട്ടും മുഖ്യമന്ത്രിപദം പലവട്ടം നിലനിര്‍ത്തിയ നേതാവ്. അങ്ങനെ അദ്ഭുതങ്ങളുടെ പട്ടിക തന്നെ നിരത്താം നിതീഷ് കുമാര്‍ എന്ന പേരിന് താഴെ. ഒടുവില്‍ തോല്‍ക്കുമെന്ന് പലരും കരുതിയ ഒരു തിരഞ്ഞെടുപ്പില്‍ മഹാവിജയം നേടിക്കൊണ്ടും നിതീഷ് അമ്പരപ്പിച്ചു. എങ്ങനെയാണ് ഈ (അ)സാധാരണ മനുഷ്യന്‍ ഈ അദ്ഭുതങ്ങളൊക്കെ സൃഷ്ടിച്ചത്?

**EDS: FILE PHOTO** In this Sept. 27, 2025 file photo, Bihar Chief Minister Nitish Kumar addresses the NDA workers' conference, in Madhubani, Bihar. The NDA, including the JD(U), wins the Bihar Assembly elections, securing over 200 of the 243 seats. (PTI Photo)(PTI11_14_2025_000433A)

പഠിച്ചത് എന്‍ജിനീയറിങ്; വരുതിയിലാക്കിയത് രാഷ്ട്രീയം : 2005 മുതലിങ്ങോട്ട് – ജീതന്‍‍റാം മാന്‍ജി ഭരിച്ച 278 ദിവസമൊഴികെ – എല്ലാസമയത്തും ബിഹാറിന്‍റെ മുഖ്യമന്ത്രി ഒരേയൊരാളായിരുന്നു. നിതീഷ് കുമാര്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. പക്ഷേ ഒരിക്കല്‍പ്പോലും ആ ജോലിക്ക് പോയിട്ടില്ല. പകരം പൊളിറ്റിക്കല്‍ എന്‍ജിനീയറിങും സോഷ്യല്‍ എന്‍ജിനീയറിങുമായിരുന്നു ഹരം. ഫലം, ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുള്‍ ആയ രാഷ്ട്രീയക്കാരനായി നിതീഷ് കുമാര്‍ മാറി. ഒന്നല്ല ഒന്‍പതുവട്ടമാണ് ഒരേ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പത്താമത്തെ സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.

1966ല്‍ നളന്ദയ്ക്കടുത്ത് ബക്ത്യാര്‍പുരിലെ വീട്ടില്‍ നിന്ന് ഉപരിപഠനത്തിനായി പട്നയിലേക്ക് തിരിക്കുമ്പോള്‍ രാഷ്ട്രീയമോ പദവികളോ നിതീഷിന്‍റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നില്ല. സ്ഥിരവരുമാനവും ഉറപ്പുമുള്ള ഒരു ജോലി. അതായിരുന്നു ലക്ഷ്യം. എന്നാല്‍ പട്നയിലെത്തിയതോടെ സാഹചര്യമാകെ മാറി. രാംമനോഹര്‍ ലോഹ്യയുടെ ലേഖനങ്ങളും ജയ്പ്രകാശ് നാരായണന്‍റെ വാക്കുകളും ആ യുവാവിന്‍റെ ചിന്തകളെ തീപിടിപ്പിച്ചു. 'സമ്പൂര്‍ണ വിപ്ലവം' എന്ന ജെപിയുടെ ആഹ്വാനത്തില്‍ ആവേശം കൊണ്ട ലക്ഷക്കണക്കിന് യുവാക്കളെപ്പോലെ നിതീഷ് കുമാറും രാഷ്ട്രീയക്കളത്തിലേക്ക് കുതിച്ചുചാടി. സമാജ്‍വാദി യുവജനസംഘും ജെപിയുടെ ഛാത്ര് സംഘര്‍ഷ് സമിതിയുമാണ് ആ രാഷ്ട്രീയ അരങ്ങേറ്റത്തിന് വേദിയൊരുക്കിയത്.

Image Credit: PTI (Left), X/historypics(Right)

അന്ന് ലാലുവിന്‍റെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചു, പിന്നെ വഴി പിരിയല്‍

അന്നത്തെ സഹപ്രവര്‍ത്തകരില്‍ പലരും പിന്നീട് ദേശീയരാഷ്ട്രീയത്തിന്‍റെയും ബിഹാര്‍ രാഷ്ട്രീയത്തിന്‍റെയും അമരക്കാരായി മാറിയത് ചരിത്രം. ലാലുപ്രസാദ് യാദവുമായുള്ള ബന്ധം തുടങ്ങുന്നതും അവിടെയാണ്. 1973ല്‍ പട്ന യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ലാലുവിനുവേണ്ടി പ്രചാരണം നയിച്ചത് നിതീഷ് ആയിരുന്നു. തീപ്പൊരി പ്രസംഗങ്ങളുമായി ലാലു കത്തിക്കയറുമ്പോള്‍ തന്ത്രം മെനയലും കരുക്കള്‍ നീക്കലുമൊക്കെയായി പിന്നണിയിലായിരുന്നു നിതീഷിന്‍റെ പ്രവര്‍ത്തനം. പിന്നീട് 1989ല്‍ കര്‍പൂരി താക്കുറിന്‍റെ മരണത്തിനുശേഷം ബിഹാര്‍ പ്രതിപക്ഷനേതാവിന്‍റെ കസേരയിലേക്ക് ലാലുവിനെ നയിച്ചതും നിതീഷിന്‍റെ പിന്തുണയും നീക്കങ്ങളുമാണ്. 1990ല്‍ ലോക്ദളിലെ കടുത്ത ചേരിപ്പോര് മറികടന്ന് നിതീഷ് ലാലുവിന്റെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചതും ചരിത്രം.

New Delhi: Bihar CM and JD(U) leader Nitish Kumar with RJD supremo Lalu Prasad after their meeting with Congress interim President Sonia Gandhi, in New Delhi, Sunday, Sept. 25, 2022. (PTI Photo/Kamal Kishore) (PTI09_25_2022_000259B)

അണികളെ ആവേശം കൊള്ളിച്ച് ലാലുവടക്കമുള്ള സഹയാത്രികര്‍ രാഷ്ട്രീയത്തില്‍ അതിവേഗം മുന്നോട്ടുകുതിച്ചപ്പോള്‍ തുടക്കത്തില്‍ത്തന്നെ വെള്ളിവെളിച്ചത്തിലേക്ക് കുതിച്ചുകയറാനൊന്നും നിതീഷിനായില്ല. 1980ലാണ് നിതീഷിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആദ്യ അവസരം ലഭിക്കുന്നത്. സ്വന്തം ജില്ലയായ നളന്ദയിലെ ഹര്‍നോത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ പാര്‍ട്ടിയുടെ നിയോഗം. എന്നാല്‍ നിതീഷ് ആ സീറ്റ് നഷ്ടപ്പെടുത്തി. 

പക്ഷേ അതിനുപിന്നാല്‍ ഒരു സോഷ്യലിസ്റ്റിന്‍റെയും സാമൂഹികനീതിയില്‍ ഉറച്ചുനിന്ന പോരാളിയുടെ ആദര്‍ശധീരതയുടെയും കഥയുണ്ടായിരുന്നു. 1977 മേയ് 27ന് പട്നയ്ക്കടുത്ത് ബെല്‍ച്ചിയില്‍ പതിനേഴിനും ഇരുപത്തഞ്ചിനുമിടയില്‍ പ്രായമുള്ള 11 ദലിത് യുവാക്കളെ ഭൂവുടമകളായ കുര്‍മി സമുദായത്തില്‍പ്പെട്ട എഴുപതംഗസംഘം കൊലപ്പെടുത്തി. നിതീഷ് കുമാര്‍ കുര്‍മി സമുദായത്തില്‍പ്പെട്ടയാളാണ്. കൊലയാളികളെ പ്രതിരോധിക്കാന്‍ നിതീഷ് മുന്‍കൈയെടുക്കുമെന്ന് സമുദായനേതാക്കള്‍ കരുതി. എന്നാല്‍ സോഷ്യലിസ്റ്റായിരുന്ന നിതീഷിലെ മനുഷ്യസ്നേഹിക്ക് അത്തരമൊരു നിലപാടെടുക്കുന്നത് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. അങ്ങനെയാണ് ആദ്യതിരഞ്ഞെടുപ്പില്‍ നിതീഷ് 5,895 വോട്ടുകള്‍ക്ക് തോറ്റത്. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. തോല്‍വി നിതീഷിലെ പോരാളിയെ ഉണര്‍ത്തി. അദ്ദേഹം അടുത്ത അഞ്ചുവര്‍ഷം മണ്ഡലത്തില്‍ത്തന്നെ ഉറച്ചുനിന്നു. 1985ലെ തിരഞ്ഞെടുപ്പില്‍ 22,000 വോട്ടിന്‍റെ മഹാഭൂരിപക്ഷത്തിന് നിതീഷ് ഹര്‍നോത്ത് പിടിച്ചു. പിന്നീട് ഒരു തിരഞ്ഞെടുപ്പിലും തോറ്റില്ല.

നിതീഷിന്‍റെ നേതാവും സുഹൃത്തുമായിരുന്നു ലാലുപ്രസാദ് യാദവ്. 1990ല്‍ ലാലു മുഖ്യമന്ത്രിയായി വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ലാലുവിന്‍റെ സ്വേച്ഛാധിപത്യപരമായ സമീപനവും പെരുമാറ്റവും നിതീഷിനെ ചൊടിപ്പിച്ചു. അധികാരം പൂര്‍ണമായി യാദവരുടെ കൈകളില്‍ ഒതുങ്ങാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലെത്തി. 1994ലെ കുര്‍മി ചേതന റാലി വലിയ വഴിത്തിരിവായി. നേരിട്ടിറങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും നിതീഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സമുദായറാലിയിലേക്ക് തള്ളിവിട്ടു. ‘ഭീഖ് നഹീ, ഹിസ്സേദാരി ചാഹിയേ’ (ഭിക്ഷയല്ല, അര്‍ഹിക്കുന്ന പങ്കാണ് വേണ്ടത്...’ എന്ന നിതീഷിന്‍റെ ആഹ്വാനം ആയിരങ്ങള്‍ ഏറ്റെടുത്തു. ഒടുവില്‍ 1994 ഏപ്രിലില്‍ അത് സംഭവിച്ചു. ലാലുവിനെതിരെ കലാപക്കൊടി ഉയര്‍ത്തി 14 ജനതാദള്‍ എംപിമാര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന് പിന്നില്‍ അണിനിരന്നു. അവര്‍ ജനതാദള്‍ (ജോര്‍ജ്) എന്ന പേരില്‍ പ്രത്യേക ഗ്രൂപ്പായി. മുഖം ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നെങ്കിലും ഗ്രൂപ്പിന്‍റെ സ്രഷ്ടാവ് നിതീഷ് കുമാര്‍ ആയിരുന്നു. 1994 ഒക്ടോബര്‍ 19ന് ജനതാദള്‍ (ജോര്‍ജ്) സമത പാര്‍ട്ടി ആയി മാറി. ‘ബിഹാര്‍ ബചാവോ’ മുദ്രാവാക്യവുമായി സമതാപാര്‍ട്ടി തെരുവിലിറങ്ങി. 

Sitab Diara: Senior Bharatiya Janata Party (BJP) leader L.K. Advani with Bihar Chief Minister Nitish Kumar during a rally at legendary socialist leader Jayaprakash Narayan's birth place Sitab Diara in Bihar on Tuesday. Advani on Tuesday began his 38-day Jan Chetna Yatra from Sitab Diara to take on the UPA government on corruption and to press for repatriation of black money. PTI Photo(PTI10_11_2011_000055B)

പാര്‍ട്ടി രൂപീകരണമൊക്കെ നന്നായി നടന്നെങ്കിലും തൊട്ടടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ സമതാപാര്‍ട്ടിക്ക് കാലിടറി. നിതീഷ് വീണ്ടും പരാജയത്തെ മുഖാമുഖം കണ്ടു. വെറും ഏഴുസീറ്റ് മാത്രമാണ് 1995ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത്. ലാലു വന്‍ വിജയം നേടി. ഏതാനും മാസത്തിനുശേഷം നിതീഷ് കുമാര്‍ എന്ന സോഷ്യലിസ്റ്റ് നേതാവ് അന്നത്തെ വലതുപക്ഷത്തിന്‍റെ പോസ്റ്റര്‍ ബോയ് ആയിരുന്ന ബിജെപി അധ്യക്ഷന്‍ എല്‍.കെ.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഒട്ടുംവൈകാതെ ലാലുവിരോധത്തിന്‍റെ അടിത്തറയില്‍ നിതീഷ്–ബിജെപി സഖ്യം യാഥാര്‍ഥ്യമായി. അടുത്ത വര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പരീക്ഷണം വിജയിച്ചു. ബിജെപിക്ക് പന്ത്രണ്ടും സമത പാര്‍ട്ടിക്ക് ആറും സീറ്റ് ലഭിച്ചു. അവസരവാദിയായി മുദ്രകുത്തപ്പെട്ടെങ്കിലും നിതീഷിന്‍റെ രാഷ്ട്രീയവളര്‍ച്ചയുടെ യഥാര്‍ഥ വഴിത്തിരിവ് ആ സഖ്യമായിരുന്നു.

National Democratic Alliance (NDA) leader Nitish Kumar, left, speaks as George Fernandes, second left, former Indian Prime Minister Atal Bihari Vajpayee, third left and L.K. Advani look on at a press conference in New Delhi, India, Monday, May 23, 2005. Indias main opposition NDA Monday condemned the federal governments recommendation for the dissolution of the Bihar state assembly, and also the imposition of the Presidents rule in the state. (AP Photo/Gurinder Osan)

1997ല്‍ കാലിത്തീറ്റ കുംഭകോണം പുറത്തുവന്നതോടെ ലാലുപ്രസാദ് യാദവ് ജനതാദള്‍ വിട്ട് രാഷ്ട്രീയ ജനതാദള്‍ രൂപീകരിച്ചു. പ്രതിപക്ഷത്തിന് പ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന രാംവിലാസ് പസ്വാന്‍റെയും ശരദ് യാദവിന്‍റെയും കൂട്ടുവെട്ടി നിതീഷ് 2000ലെ നിയമസഭാതിരഞ്ഞെടുപ്പിന് ഇറങ്ങി. ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ 122 സീറ്റ് നേടി. ആര്‍ജെഡിയെക്കാള്‍ രണ്ട് സീറ്റ് കുറവ്. അടല്‍ ബിഹാരി വാജ്പേയ് നയിച്ച എന്‍ഡിഎ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുകയും 34 സീറ്റ് മാത്രം നേടിയ സമതാപാര്‍ട്ടി നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് നിതീഷ് ആദ്യമായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ രാജിവയ്​ക്കേണ്ടി വന്നെങ്കിലും നിതീഷിന് പിന്നീട് തിരി‍ഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

എക്കാലവും ഒപ്പം നിര്‍ത്തി ബിജെപി

ഇടയ്ക്ക് ഇടര്‍ച്ചയുണ്ടായെങ്കിലും നിതീഷ് ഏറ്റവും കൂടുതല്‍ കാലം ഒപ്പംനിര്‍ത്തിയതും നിതീഷിനെ ഒപ്പം നിര്‍ത്തിയതും ബിജെപിയാണ്. മിക്കപ്പോഴും നിതീഷിനെ മുഖ്യമന്ത്രിപദത്തിലേക്ക് കൈപിടിച്ച് നടത്തിയതും താങ്ങിനിര്‍ത്തിയതും എടുത്തുയര്‍ത്തിയതുമെല്ലാം ബിജെപിയായിരുന്നു. മറ്റ് സഖ്യകക്ഷികളെ വിഴുങ്ങാറുള്ള ബിജെപി നിതീഷിന്‍റെ കാര്യത്തില്‍ അത്തരമൊരു തീരുമാനം വൈകിച്ചുകൊണ്ടേയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ബിഹാറില്‍ നിതീഷിന്‍റെ അവഗണിക്കാന്‍ ബിജെപി ദേശീയനേതൃത്വം തയാറാകാത്തതില്‍ ഉണ്ട് അദ്ദേഹത്തിന്‍റെ സ്വാധീനത്തിന്‍റെയും പ്രതിച്ഛായയുടെയും മൂല്യം.

ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോഴുണ്ടായ തിരിച്ചടിയെ ദേശീയരാഷ്ട്രീയത്തിലെ വലിയ വളര്‍ച്ചയായാണ് നിതീഷ് മാറ്റിയെടുത്തത്. എ.ബി.വാജ്പേയ് മന്ത്രിസഭയില്‍ തിരിച്ചെത്തി. റെയില്‍വേ, കൃഷി, ഗതാഗതം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 1998 മുതല്‍ 2004 മേയ് 21 വരെ കേന്ദ്രമന്ത്രിസഭയിലെ താരങ്ങളില്‍ ഒരാളായിരുന്നു നിതീഷ്. 

The Union Minister of Railways Shri Nitish Kumar giving finishing touches to the Railway Budget 1999 - 2000 in New Delhi on February 25 / 1999 The Minister of State for Railways Shri Ram Nail lokk on

2005ല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ മല്‍സരിച്ച് ജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായി. അധികാരത്തിനൊപ്പമുള്ള അവസാനിക്കാത്ത യാത്രയുടെ തുടക്കം. ‘ജംഗിള്‍ രാജി’ല്‍ വീര്‍പ്പുമുട്ടിയിരുന്ന ബിഹാറിന് നിതീഷിന്‍റെ ആദ്യ ടേം ആശ്വാസത്തിന്‍റെ നാളുകളായിരുന്നു. ഒരേസമയം വികസനവും സാമൂഹിക പുരോഗതിയും നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ പോലെ മുന്നോട്ടുപോയി. വിപുലമായ തോതില്‍ റോഡ് നിര്‍മാണം ആരംഭിച്ചു. കാലങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന, സര്‍ക്കാരിന്‍റെ ഒരു പദ്ധതിയിലും ഇടം നേടാത്ത അതീവപിന്നാക്ക സമുദായങ്ങളിലേക്കും മേഖലകളിലേക്കും നിതീഷ് കുമാര്‍ സര്‍ക്കാര്‍ കടന്നുചെന്നു. മഹാദലിത് എന്ന പ്രയോഗംതന്നെ നിതീഷിന്‍റെ പദ്ധതികളുമായി ചേര്‍ത്താണ് വായിക്കപ്പെടുന്നത്. മുസ്‍ലിം സമുദായത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം വന്നു.  സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു. പരമ്പരാഗത ജാതിസമവാക്യങ്ങള്‍ പൊളിച്ചെഴുതി ഇബിസി (എക്സ്ടീംലി ബാക്‌വേഡ് ക്ലാസസ്) എന്ന വിഭാഗം സൃഷ്ടിച്ച് അവരുടെ പുരോഗതിക്കായി പദ്ധതികളും പരിപാടികളും നടപ്പാക്കി. ബിഹാറിലെ ജനസംഖ്യയുടെ 36 ശതമാനം ഈ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു എന്ന് മനസിലാക്കുമ്പോഴാണ് നിതീഷിന്‍റെ രാഷ്ട്രീയനൈപുണ്യവും പ്രാഗല്‍ഭ്യവും വെളിവാകുന്നത്. ക്രമസമാധാനപാലനം മെച്ചപ്പെടുത്താനായതാണ് പൊതുജനങ്ങളുടെ മനസില്‍ നിതീഷിന്‍റെ പ്രതിച്ഛായ ശരിക്കും ഉയര്‍ത്തിയത്.

Patna: Bihar Governor Devanand Konwar administers oath to Nitish Kumar as the chief minister during ceremony at Gandhi Maidan in Patna on Friday. PTI Photo (PTI11_26_2010_000103B)

2010ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് 115 സീറ്റ് നേടി. അത് നിതീഷിന്‍റെ ഭരണത്തിനുള്ള അംഗീകാരമായിരുന്നു. എന്‍ഡ‍ിഎ വീണ്ടും അധികാരത്തില്‍. നിതീഷ് മൂന്നാംവട്ടം ബിഹാര്‍ മുഖ്യമന്ത്രി.

2000ല്‍ നിതീഷിനെ താഴെയിറക്കിയപ്പോള്‍ പ്രതിപക്ഷം അത് ‘മതേതരത്വത്തിന്‍റെ വിജയ’മായാണ് ആഘോഷിച്ചത്. അധികാരം നിലനിര്‍ത്താന്‍ ‘മതേതരത്വം’ നിതീഷും നന്നായി ഉപയോഗിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതിനെ നഖശിഖാന്തം എതിര്‍ത്തു. അദ്വാനിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തു. പക്ഷേ ഗുജറാത്ത് കലാപം നടന്നപ്പോള്‍ ഒമര്‍ അബ്ദുല്ലയും രാംവിലാസ് പസ്വാനും എന്‍ഡിഎ വിട്ടപ്പോള്‍ നിതീഷ് കേന്ദ്രഭരണത്തില്‍ കടിച്ചുതൂങ്ങി. എന്നാല്‍ 2013ല്‍ നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയപ്പോള്‍ ‘മതേതരത്വത്തിന് ഭീഷണി’ ആകുമെന്ന് പറഞ്ഞാണ് നിതീഷ് കളംമാറ്റിയത്. വരാനിരിക്കുന്ന മോദി തരംഗം മുന്‍കൂട്ടി കാണാന്‍ നിതീഷിനായില്ല. ലോക്സഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റമ്പി. കിട്ടിയത് രണ്ടുസീറ്റ് മാത്രം. മുഖ്യമന്ത്രിപദം തല്‍ക്കാലത്തേക്ക് ജീതന്‍‍റാം മാന്‍ജിയെ ഏല്‍പ്പിച്ച് അടുത്ത അവസരത്തിനുള്ള കാത്തിരിപ്പ്. 2015 തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വീണ്ടും മുഖ്യമന്ത്രി പദത്തില്‍. നിയമസഭാതിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായിരുന്ന ആര്‍ജെഡിക്കൊപ്പം കൂടി നിതീഷ്. മഹാസഖ്യം ജന്മംകൊണ്ടു. രണ്ടുവര്‍ഷം തികയുംമുന്‍പ് നിതീഷിനെ ‘മനഃസാക്ഷി’യുടെ ശബ്ദം വല്ലാതെ ശല്യപ്പെടുത്തി. അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിനൊപ്പം തുടരുന്നതില്‍ വലിയ മനസ്താപം. ഒടുവില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. 2017ല്‍ നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തി.

Samastipur: Prime Minister Narendra Modi, right, and Bihar Chief Minister Nitish Kumar during a public meeting ahead of the state Assembly elections, in Samastipur district, Friday, Oct. 24, 2025. (PTI Photo) (PTI10_24_2025_000087A)

മോദിയെ പിണക്കിയും ഇണക്കിയും രാഷ്ട്രീയ തന്ത്രങ്ങള്‍

നിതീഷ് കുമാര്‍ മടങ്ങിയെത്തിയത് വാജ്പേയിയുടെ ബിജെപിക്കൊപ്പമായിരുന്നില്ല. അദ്വാനിക്ക് പാര്‍ട്ടിയില്‍ തീര്‍ത്തും സ്വാധീനമില്ല. അരുണ്‍ ജെയ്റ്റ്‍ലി വിടപറഞ്ഞു. മോദി–അമിത് ഷാ ദ്വയത്തിന്‍റെ ഉരുക്കുമുഷ്ടിയില്‍ നിയന്ത്രിക്കപ്പെടുന്ന എന്‍ഡിഎയിലേക്കായിരുന്നു മടക്കം. നിതീഷിനെ ഒപ്പം നിര്‍ത്തിക്കൊണ്ടുതന്നെ വീഴ്ത്താന്‍ അവര്‍ തന്ത്രം മെനഞ്ഞു. ചിരാഗ് പസ്വാന്‍റെ എല്‍ജെപി എന്‍ഡിഎ ‘വിട്ടതും’ ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിച്ചതും അതിന്‍റെ ഭാഗമായിരുന്നു. ജെഡിയു 43 സീറ്റില്‍ ഒതുങ്ങി. ‘മോദി സേ ബേര്‍ നഹി, നിതീഷ് തേരി ഖേയ്ര്‍ നഹീ’ (മോദിയോട് വൈരാഗ്യമില്ല, നിതീഷേ നിന്നെ വെറുതേ വിടില്ല) എന്ന പ്രകോപന മുദ്രാവാക്യമുയര്‍ത്തിയാണ് ചിരാഗ് പസ്വാന്‍ രംഗത്തിറങ്ങിയത്.

**EDS: THIRD PARTY IMAGE** In this image posted on Nov. 15, 2025, Union Minister and LJP (Ram Vilas) chief Chirag Paswan during a meeting with Bihar Chief Minister Nitish Kumar a day after BJP-led NDA's victory in the state's Assembly elections, in Patna. (@iChiragPaswan/X via PTI Photo)(PTI11_15_2025_000090B)

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിതീഷ് കളം മാറിയത്. പ്രധാനമന്ത്രിപദം ആയിരുന്നു ഇത്തവണ ലക്ഷ്യം. പ്രതിപക്ഷകക്ഷികളെ മോദിക്കെതിരെ ഒന്നിപ്പിക്കാന്‍ മുന്‍കൈയെടുത്തു. 2023 ജൂലൈയില്‍ നിതീഷിന്‍റെ നേതൃത്വത്തില്‍ പട്നയില്‍ ചേര്‍ന്ന യോഗമാണ് ഇന്ത്യ സഖ്യത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കിയത്. മുന്നണി കണ്‍വീനര്‍ പദവിക്കായി നിതീഷ് ശ്രമം തുടങ്ങി. എന്നാല്‍ അത്തരമൊരു പദവി നിതീഷിന് നല്‍കുന്നത് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിന് തുല്യമാകുമെന്ന് കോണ്‍ഗ്രസ് കരുതി. അതോടെ ബന്ധം ഉലഞ്ഞു. ലോക്സഭാതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2024 ജനുവരിയില്‍ നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തി. ആ നീക്കവും നേട്ടമേ ഉണ്ടാക്കിയുള്ളു. ബിജെപിക്ക് ലോക്സഭയില്‍ ഭൂരിപക്ഷം നഷ്ടമായി. 2019ലെ 303 സീറ്റില്‍ നിന്ന് 240 സീറ്റായി കുറഞ്ഞു. ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയിലാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്‍റെ നിലനില്‍പ്പ്. നിതീഷ് ആര്‍ക്കൊപ്പം പോയാലും അവര്‍ക്കും നേട്ടം നിതീഷിനും നേട്ടം എന്ന അദ്ഭുതം വീണ്ടും സംഭവിച്ചു.

**EDS: VIDEO GRAB** New Delhi: Senior BJP leader Narendra Modi with Bihar CM and JD(U) leader Nitish Kumar during the NDA parliamentary party meeting at Samvidhan Sadan, in New Delhi, Friday, June 7, 2024. BJP National President J.P. Nadda and TDP chief N. Chandrababu Naidu are also seen. (PTI Photo)(PTI06_07_2024_000193B)

എന്നാല്‍ സ്വാധീനം ഉറപ്പിക്കാനുള്ള സാഹചര്യം വന്നിട്ടും നിതീഷ് ബിജെപിക്ക് കൂടുതല്‍ കൂടുതല്‍ വിധേയനാകുന്നതാണ് പിന്നീട് കണ്ടത്. ആകെ ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിസ്ഥാനവും മാത്രമേ ജെഡിയുവിന് ഓഫര്‍ ചെയ്തുള്ളു. അത് മടികൂടാതെ സമ്മതിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗത്തില്‍ മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന നിതീഷിനെ കണ്ട് രാഷ്ട്രീയനിരീക്ഷകര്‍ അമ്പരന്നു. വഖഫ് നിയമം ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാരിന്‍റെ എല്ലാ വിവാദനിയമങ്ങളെയും തീരുമാനങ്ങളെയും കണ്ണടച്ച് പിന്തുണയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബിഹാറിലെ മുസ്‍ലിം നേതാക്കളുടെ ശക്തമായ സമ്മര്‍ദം പോലും വഖഫ് നിയമത്തിന്‍റെ കാര്യത്തില്‍ ജെഡിയു അവഗണിച്ചു.

നിതീഷ് പൊതുവേദികളിലെത്തുന്നത് കുറഞ്ഞു. എത്തിയാല്‍ത്തന്നെ ലാലു സര്‍ക്കാരിന്‍റെ കാലത്തെ ഗതികേടുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാകും അധികവും. 20 വര്‍ഷത്തെ നിതീഷ് ഭരണത്തിനുശേഷവും സംസ്ഥാനത്തെ 2.97 കോടി കുടുംബങ്ങളില്‍ 34.13 ശതമാനത്തിന്‍റെയും മാസവരുമാനം ആറായിരം രൂപയില്‍ താഴെയാണ്. സംസ്ഥാനത്തിന്‍റെ ജിഡിപിയുടെ 37 ശതമാനമാണ് കടം. പക്ഷേ ഇതൊന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ജനം കണക്കിലെടുത്തില്ല. തിരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിലും നിതീഷിനെ തള്ളിപ്പറയാനോ നിതീഷ് തുടരില്ലെന്ന് പറയാനോ ബിജെപിക്ക് ധൈര്യമുണ്ടായില്ല. നിതീഷ് തന്നെ നായകനെന്ന് സാക്ഷാല്‍ നരേന്ദ്രമോദി പോലും ആവര്‍ത്തിച്ചുപറഞ്ഞു.

**EDS: FILE IMAGE** Samastipur: In this Friday, Oct. 24, 2025 file photo, Prime Minister Narendra Modi, right, and Bihar Chief Minister Nitish Kumar are being garlanded during a public meeting, in Samastipur district. (PTI Photo) (PTI11_14_2025_000423A)

ബിഹാര്‍ മയങ്ങിയ നിതീഷ് മാജിക്

എന്തായിരുന്നു ആ മാജിക്? ജാതിരാഷ്ട്രീയം കൊടികുത്തിവാഴുന്ന ബിഹാറില്‍ ജാതിക്കൊപ്പം പദ്ധതികളും പരിപാടികളും മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞ ഏകനേതാവ് നിതീഷാണ്. എന്തുരാഷ്ട്രീയ തന്ത്രത്തിന്‍റെ പേരിലായാലും അവഗണിക്കപ്പെട്ടവരെ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ കൊണ്ടുവന്നത് നിതീഷാണ്. ബിഹാര്‍ ജനസംഖ്യയുടെ 2.87 ശതമാനം മാത്രമുള്ള കുര്‍മി സമുദായത്തില്‍ നിന്നുള്ളയാളാണ് 36 ശതമാനത്തിലേറെ വരുന്ന അതിപിന്നാക്ക സമുദായങ്ങളുടെയും മുസ്‍ലിംകളില്‍ വലിയൊരുവിഭാഗത്തിന്‍റെയും ഉറച്ച പിന്തുണ ഫിക്സഡ് ഡെപ്പസിറ്റ് പോലെ കൊണ്ടുനടക്കുന്നതെന്ന് ഓര്‍ക്കണം. ചുരുക്കിപ്പറഞ്ഞാല്‍ പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെയും സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍റെയും പ്രതിച്ഛായ നിര്‍മാണത്തിന്‍റെയും ഒരു പ്രത്യേക മിക്സ്. അതാണ് നിതീഷിന്‍റെ യുഎസ്പി അഥവാ വിജയമന്ത്രം. ഈ ടേം കഴിഞ്ഞാല്‍ നിതീഷിന് ഇനിയൊരങ്കമുണ്ടോയെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ഉറപ്പില്ല. പക്ഷേ ഉറപ്പില്ലാത്ത ഇടങ്ങളില്‍ നിന്ന് കൂടുതല്‍ ഉറപ്പോടെ ഉയരങ്ങള്‍ ഓടിക്കയറി ശീലമുള്ളയാള്‍ക്ക് ഇതൊക്കെ എന്ത്? പത്താംതവണ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നതുപോലെ കൂടുതല്‍ അദ്ഭുതങ്ങള്‍ കാലം. കാത്തുവച്ചിട്ടുണ്ടാകാം.

**EDS: FILE PHOTO** In this Nov. 5, 2025, file photo, Bihar Chief Minister and Janata Dal (United) chief Nitish Kumar during a public rally ahead of the state Assembly polls, at Bhavani pur, in Purnia district of Bihar. The NDA, including the JD(U), wins the Bihar Assembly elections, securing over 200 of the 243 seats.(@Jduonline/X via PTI Photo)(PTI11_14_2025_000430B)

നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ വഴി

  • 1980: ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്; ഹര്‍നോത്തില്‍ തോല്‍വി
  • 1985: ഹര്‍നോത്തില്‍ നിന്ന് നിയമസഭയില്‍ അരങ്ങേറ്റം
  • 1989: ലാലുപ്രസാദ് യാദവിനെ പ്രതിപക്ഷനേതാവാക്കാന്‍ ചരടുവലിച്ച് വിജയിച്ചു
  • 1990: ലാലുവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്ക്
  • 1994: ലാലുവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം. 14 എംപിമാര്‍ പാര്‍ട്ടി വിട്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനെ മുന്നില്‍ നിര്‍ത്തി സമതാപാര്‍ട്ടി രൂപീകരിച്ചു. ബുദ്ധികേന്ദ്രം നിതീഷ് കുമാര്‍.
  • 1996: നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യത്തില്‍
  • 1998–2004: എ.ബി.വാജ്പേയ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി. റെയില്‍വേ, ഗതാഗതം, കൃഷി വകുപ്പുകള്‍
  • 2000: ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ അരങ്ങേറ്റം. ഭൂരിപക്ഷം നേടാനാകാതെ 7 ദിവസത്തിനുശേഷം രാജി
  • 2003: സമതാപാര്‍ട്ടി ജനതാദള്‍ യുണൈറ്റഡില്‍ ലയിച്ചു
  • 2005: നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ മല്‍സരിച്ച് നിയമസഭാതിരഞ്ഞെടുപ്പ് ജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രി
  • 2010: എന്‍ഡിഎ നിയമസഭാതിരഞ്ഞെടുപ്പ് ജയിച്ചു. നിതീഷ് മൂന്നാംവട്ടം ബിഹാര്‍ മുഖ്യമന്ത്രി
  • 2013: നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ നിതീഷ് എന്‍ഡിഎ വിട്ടു.
  • 2014: ലോക്സഭാതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി പദം രാജിവച്ചു. ജീതന്‍‍റാം മാന്‍ജി മുഖ്യമന്ത്രി
  • 2015 ഫെബ്രുവരി: നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നിതീഷ് വീണ്ടും മുഖ്യമന്ത്രിപദത്തില്‍. നാലാം ടേം.
  • 2015: ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുമായി സഖ്യം. മഹാസഖ്യം രൂപീകരിച്ച്  അഞ്ചാംവട്ടം മുഖ്യമന്ത്രി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി.
  • 2017: മഹാസഖ്യത്തെ അമ്പരപ്പിച്ച് നിതീഷ് വീണ്ടും മറുകണ്ടം ചാടി. തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളായിരുന്നു നിതീഷ് ഉന്നയിച്ച കാരണം. രാജിവച്ച് മണിക്കൂറുകള്‍ക്കകം എന്‍ഡിഎയുമായി വീണ്ടും സഖ്യം. ആറാംവട്ടം മുഖ്യമന്ത്രി പദത്തില്‍.
  • 2020: 15 വര്‍ഷത്തെ ഭരണനേട്ടങ്ങളുയര്‍ത്തി എന്‍ഡിഎ സഖ്യത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം. ഏഴാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ.
  • 2022: നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ വിട്ട് ആര്‍ജെഡി സഖ്യത്തില്‍. എട്ടാംതവണ മുഖ്യമന്ത്രിയായി അധികാരമേറ്റു.
  • 2024: കഴിഞ്ഞവര്‍ഷം ജനുവരി 28ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം രാജിവച്ചു. അതേദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായി. ഒന്‍പതാം തവണ സത്യപ്രതിജ്ഞ.
  • 2025: എന്‍ഡിഎയ്ക്കൊപ്പം വീണ്ടും തിരഞ്ഞെടുപ്പ്. ജെഡിയുവിന്‍റെ മിന്നുംപ്രകടനം. നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് നേതൃത്വം. പത്താംവട്ടം സത്യപ്രതിജ്ഞയ്ക്ക് കളമൊരുങ്ങുന്നു.
ENGLISH SUMMARY:

Nitish Kumar, dubbed the 'political engineer' for his unparalleled ability to secure power, is set to take the oath as Bihar Chief Minister for the 10th time in 25 years. The longest-serving CM of Bihar, an electrical engineer by training, leveraged social and political engineering by winning over Extremely Backward Classes (EBCs) and marginalized communities. His career highlights include alliance shifts (from Lalu's RJD to the BJP and back repeatedly), securing the CM post multiple times with minimal seats, and his recent return to the NDA (after forming the INDIA bloc) which now holds the balance of power in the Lok Sabha.