ബിഹാറില്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ വോട്ട് മോഷണം ആരോപിച്ച് ആര്‍ജെഡി. സാസാറം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് രാത്രി മുന്നറിയിപ്പില്ലാതെ ജില്ലാ ഭരണകൂടം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കടത്തികൊണ്ടുപോയെന്നാണ് ആര്‍ജെ‍ഡി ആരോപണം. വാര്‍ത്ത പരന്നതോടെ ബുധനാഴ്ച രാത്രി  രോഹ്താസ് ജില്ലയിലെ വജ്ര ഗൃഹ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ സംഘടിച്ചു.

പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ മുഴുവന്‍ പുറത്തുവിടണമെന്നും ആര്‍ജെഡി ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ച പാര്‍ട്ടി ഈ സമയത്ത് സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നതായും ആരോപിച്ചു. "മുന്‍കൂര്‍ അറിയിപ്പില്ലാതെ ജില്ലാ ഭരണകൂടം ഇവിഎം നിറച്ച ട്രക്ക് എന്തിനാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഒളിച്ചു കടത്തിയത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എന്തിനാണ് ഇവിടെ സിസിടിവി ക്യാമറ ഫീഡ് ഓഫ് ചെയ്തത്. മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടുക. ആ ട്രക്കിൽ എന്താണുള്ളതെന്ന് ഭരണകൂടം പറയട്ടെ" എന്നാണ് ആര്‍ജെഡി വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പ്. 

എന്നാല്‍ ട്രക്കില്‍ ഇവിഎമ്മുകള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉദിത സിങ് വ്യക്തമാക്കി. സംശയാസ്പദമായ ട്രക്ക് രാത്രി 7.59 ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിച്ചെന്നും പൊലീസ് പരിശോധിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. ട്രക്കില്‍ ഇവിഎമ്മുകളായിരുന്നില്ലെന്നും ഒഴിഞ്ഞ സ്റ്റീല്‍ ബോക്സുകളാണെന്നുമാണ് ജില്ല മജിസ്ട്രേറ്റിന്‍റെ വിശദീകരണം. 

ENGLISH SUMMARY:

Bihar election controversy erupts as RJD alleges EVM tampering. The party demands transparency and explanation from the Election Commission regarding the suspicious movement of vehicles near the vote counting center.