ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തി. സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചോടെ ഇവര്‍ ഇനി വിചാരണ നേരിടണം. ലാലു റെയില്‍വെ മന്ത്രിയായിരിക്കെ, നിയമനങ്ങള്‍ക്ക് പകരമായി ഭൂമി എഴുതി വാങ്ങി എന്നതാണ് കേസ്. ലാലു കുടുംബം ഒരു ‘ക്രിമിനൽ സിൻഡിക്കറ്റ്’ പോലെയാണ് പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ലാലുപ്രസാദ് യാദവ് റയില്‍വെ മന്ത്രിയായിരിക്കെ നടത്തിയ ഇടപാടുകളാണ് സിബിഐ അന്വേഷിച്ചത്. റെയില്‍വെയിലെ നിയമനങ്ങള്‍ക്ക് പകരമായി മന്ത്രിയും കുടുംബാംഗങ്ങളും ഉദ്യോഗാർത്ഥികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതിവാങ്ങി എന്നതാണ് ആരോപണം. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും ഭൂമി ഇടപാടുകളിൽ ബിനാമി സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ അവകാശപ്പെട്ടു. നാലരക്കോടി വിലയുള്ള ഭൂമി പോലും കേവലം 26 ലക്ഷം രൂപക്ക് ലാലു കുടുംബം സ്വന്തമാക്കിയെന്ന് സിബിഐ പറയുന്നു.
ലാലു പ്രസാദ് യാദവ്, ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കെതിരെയും റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. റെയില്‍ മന്ത്രായലയത്തെ ലാലു കുടുംബം സ്വകാര്യസ്വത്തായാണ് കൈകാര്യം ചെയ്തതതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പേരുള്ള 103 പ്രതികളിൽ അഞ്ചുപേർ മരിച്ചു. തെളിവുകളുടെ അഭാവത്തില്‍ 52 പേരെ കോടതി കുറ്റവിമുക്തരാക്കി.