ജോസ് കെ മാണി മുന്നണി വിടുമോ എന്നുള്ള ആശയകുഴപ്പം നിലനില്‍ക്കെ അധികമായി മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാന്‍ ആര്‍ജെഡി. കോവളം , ചാലക്കുടി , കുന്ദമംഗലം സീറ്റുകളാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്.  കല്‍പ്പറ്റ  കൂത്തുപറമ്പ് സീറ്റുകള്‍ സിപിഎം വെച്ചുമാറാനുള്ള സാധ്യതകള്‍ക്കിടെയാണ് മൂന്ന് സീറ്റുകള്‍ അധികമായി ആവശ്യപ്പെടാന്‍ ആര്‍ജെഡി ഒരുങ്ങുന്നത് 

Also Read: ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട; മുന്നണിമാറ്റം തള്ളി ജോസ് കെ.മാണി 


കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് എല്‍ഡിഎഫില്‍  പ്രതിസന്ധിയുണ്ടാക്കുമോഎന്ന ആശങ്ക സിപിഎമ്മിന് പൂര്‍ണമായും ഒഴിവായിട്ടില്ല. അതിനിടെയാണ്  അധികമായ സീറ്റുകള്‍ ആവശ്യപ്പെട്ട് സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കാന്‍ ആര്‍ജെഡി തയ്യാറെടുക്കുന്നത്.  ഇതിനുള്ള അണിയറ ചര്‍ച്ചകള്‍ ആര്‍ജെഡിയില്‍ സജീവമാണ്. നിലവില്‍ ആര്‍ജെഡി മല്‍സരിക്കുന്ന കല്‍പ്പറ്റ സീറ്റും അവരുടെ സിറ്റിങ് സീറ്റായ  കൂത്ത് പറമ്പും സീറ്റും  ഏറ്റെടുത്ത് ഇതിന് പകരം മറ്റ് രണ്ടു സീറ്റുകള്‍ നല്‍കുന്നത് സിപിഎം ആലോചിച്ചുവരിയാണ് . ഇതിനിടെയാണ് തിരുവിതാകൂറിലും കൊച്ചിയിലും മലബാറിലും ഒരോ സീറ്റാണ് അധികമായി വേണമെന്ന ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ആര്‍ജെഡി മുന്നോട്ട് വെയ്ക്കുക. 

കഴിഞ്ഞ തവണ ജനതാദള്‍ എസ് മല്‍സരിച്ച കോവളം സീറ്റാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.  നീലലോഹിതദാസന്‍ നാടാര്‍ ജനതാദള്‍ വിട്ട് ആര്‍ജെഡിക്ക് ഒപ്പമെത്തി എന്നതാണ് കാരണം.  കോവളം കിട്ടിയില്ലെങ്കില്‍ ആന്‍റണി രാജു അയോഗ്യനായ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ആവശ്യപ്പെട്ടും. കൊച്ചി മേഖലയില്‍ ചാലക്കുടിയില്‍ മുന്‍പ് ജയിച്ചിട്ടുണ്ട് എന്നതാണ് ആ സീറ്റില്‍ കണ്ണുവെയ്ക്കാനുള്ള  കാരണം.  മലബാര്‍ മേഖലയില്‍ കുന്ദമംഗലമാണ് ആവശ്യപ്പെടാന്‍ പോകുന്നതെങ്കിലും പേരാമ്പ്ര കിട്ടിയാലും  ആര്‍ജെഡി തൃപ്തിപ്പെട്ടേക്കും.  

അവരവരുടെ പാര്‍ട്ടിയിലെ ഏക എം.എല്‍.എമാരായിരുന്ന കെ ബി ഗണേഷ്കുമാര്‍ , ആന്‍റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിട്ടും, ആര്‍ജെഡിയുടെ ഏക എല്‍.എയായ കെ പി മോഹനന് സിപിഎം മന്ത്രിസ്ഥാനം  നിഷേധിച്ചിരുന്നു.  തുടര്‍ഭരണസാധ്യത കുറഞ്ഞിരിക്കെ മുന്നണി വിടാനുള്ള നീക്കങ്ങളുടെ തുടക്കമാണോ അധിക സീറ്റ്  ആവശ്യപ്പെടാന്‍ പോകുന്നത് എന്ന ചര്‍ച്ചയും സജീവമാണ്

ENGLISH SUMMARY:

RJD seat demand creates new challenges for CPM. RJD is requesting three additional seats, potentially complicating matters for the CPM as concerns linger about the Kerala Congress leaving the alliance.