prasant-kishor-jan-suraaj

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാര്‍ട്ടികളെ പരിശീലിപ്പിക്കുന്ന ഇപ്പോഴത്തെ  തന്ത്രം പോരെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന് തെളിയിച്ച് കൊടുത്തിരിക്കുകയാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. നേതാക്കള്‍ക്ക്  ഇല്ലാത്ത പ്രതിച്ഛായ ഉണ്ടെന്ന് വരുത്തി തീര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആത്മവിശ്വസം ഉണ്ടാക്കിയത് പോലെ  എളുപ്പമല്ല ഗ്രൗണ്ടിലിറങ്ങിയുള്ള കളിയെന്നാണ് 'താമരപ്പാടം' നല്‍കുന്ന പാഠം. അഭിഭാഷകരും ശാസ്ത്രജ്ഞരുമടക്കം  പ്രഗല്‍ഭരെ രംഗത്തിറക്കിയായിരുന്നു  പ്രശാന്ത് കിഷോറിന്‍റെ പരീക്ഷണം. പക്ഷേ അവര്‍ക്കാര്‍ക്കും തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 

prasanth-nitish-jdu

'മോഡി പ്രഭാവ'ത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്‍റെ മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നത്. മോദി പ്രഭാവം സൃഷ്ടിച്ചെടുത്തതില്‍ കിഷോറിന്‍റെ പങ്ക് അത്രത്തോളമുണ്ടായിരുന്നു. ചായ് പേ ചര്‍ച്ചയിലൂടെ രാജ്യമെങ്ങും ആ സ്വാധീനമെത്തി. അധികാരം കയ്യാളുന്ന പാര്‍ട്ടിയില്‍ തന്‍റെ ആശയങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കണ്ടതോടെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മെല്ലെ നിതീഷിനൊപ്പം പ്രശാന്ത് കൂടി. 2015നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎയെ തറപറ്റിച്ചു. മഹാസഖ്യത്തിന്‍റെ ഈ ജയം  പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് എന്ന പ്രശാന്ത് കിഷോറിന്‍റെ പെരുമ ഉയര്‍ത്തി. ജെഡിയുവിന്‍റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പ്രശാന്തിന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ മറനീക്കി പുറത്തുവന്നത്.  

2017 ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം തയ്യാറാക്കിയെങ്കിലും ഫലവത്തായില്ല. 2019 ല്‍ വൈഎസ്ആര്‍സിപിക്ക് വേണ്ടി ആന്ധ്രയിലും 2020 ല്‍ എഎപിക്കും 2021 ല്‍ തൃണമൂലിനും ഡിഎംകെയ്ക്കും പ്രശാന്ത് 'തല' പുകച്ചു. തൃണമൂലിന്‍റെയും ഡിഎംകെയുടെയും വിജയങ്ങള്‍ക്ക് പിന്നാലെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള തന്ത്രം പ്രശാന്ത് ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിയെന്ന തീരുമാനത്തിലേക്ക് തന്നെ നയിച്ചത് കോവിഡാണെന്നായിരുന്നു പ്രശാന്തിന്‍റെ വാക്കുകള്‍. ' 50 ലക്ഷം ജനങ്ങളാണ്  ബിഹാറിലെ സ്വന്തം വീടുകളിലേക്ക് അക്കാലത്ത് മടങ്ങിയത്. അപ്പോഴാണ് ബിഹാറിലേക്ക്, എന്‍റെ വേരുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ഞാനും ചിന്തിച്ചത്. അതുകൊണ്ട് തൃണമൂല്‍ ജയിച്ച അന്നുതന്നെ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്‍റെ തൊഴില്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനുമായി'- പ്രശാന്ത് വിശദീകരിച്ചു. 

പച്ച തൊടാതെ ജന്‍ സുരാജ്

രണ്ട് വര്‍ഷമാണ് ബിഹാറില്‍ തന്‍റെ പാര്‍ട്ടിയെന്ന മോഹവുമായി പ്രശാന്ത് കിഷോര്‍ നടന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന്‍റെ ഭാവി 'ശോഭന' മല്ലെന്നായിരുന്നു പ്രശാന്തിന്‍റെ വിലയിരുത്തല്‍. ഇതോടെ ആ വഴി ഉപേക്ഷിച്ചു.  2024 ഒക്ടോബറില്‍ ജന്‍ സുരാജ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പ്രശാന്ത് കിഷോര്‍ 'പ്രശാന്ത് കിഷോര്‍ പാണ്ഡെയായി. ബ്രാഹ്മണ വേരുകളെ കുറിച്ചുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ കൂട്ടിച്ചേര്‍ക്കലില്‍ ഉണ്ടായത്.  വികസന രാഷ്ട്രീയമാണ് ജന്‍ സുരാജ് മുന്നോട്ട് വയ്ക്കുന്നതെന്നും ബിഹാര്‍ ജയിക്കുകയാണ് ആത്യന്തികമായി തന്‍റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. പക്ഷേ വികസനത്തിന് വോട്ടുതേടിയുള്ള പ്രശാന്തിന്‍റെ യാത്ര പച്ച തൊട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

The Bihar election results served a tough lesson to political strategist Prashant Kishor, whose 'Jan Suraj' party—fielding professionals like scientists and advocates—failed to secure any significant presence. After masterminding major wins for Narendra Modi (2014), Nitish Kumar (2015), YSRCP, and TMC, Kishor quit his consultancy role to found his own party, Jan Suraj, in October 2024, focusing on development politics. However, the electorate rejected his direct political debut, highlighting the difference between managing perceptions and winning on the ground.